- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാവപ്പെട്ട 5000 ആളുകൾക്കു ഭക്ഷണം നൽകാൻ പണം വേണം; എന്റെ വീട്ടിൽ പണം കായ്ക്കുന്ന മരമില്ല'; ഐപിഎല്ലിലെ പ്രാതിനിധ്യം എന്തിനെന്ന ചോദ്യത്തിന് മറുപടിയുമായി ഗൗതം ഗംഭീർ
ന്യൂഡൽഹി: പാർലമെന്റ് അംഗമായതിന് ശേഷവും ഐപിഎല്ലിലെ പ്രാതിനിധ്യം ചോദ്യം ചെയ്യുന്ന വിമർശകർക്ക് മറുപടിയുമായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. മാധ്യമ സമ്മേളനത്തിനിടെ സംസാരിക്കുന്ന തന്റെ തന്നെ ഒരു വിഡിയോയാണു ഗംഭീർ ഔദ്യോഗിക ട്വിറ്റർ ഹാർഡിലിൽ പങ്കുവച്ചിരിക്കുന്നത്. 'പറ്റിയാൽ ഇതൊക്കെയൊന്നു പ്രസിദ്ധീകരിക്കൂ' വിഡിയോയിൽ ഗംഭീർ പറയുന്നു.
ഏകദേശം 2.75 കോടി രൂപ ജനക്ഷേമത്തിനായി ചെലവഴിച്ചത് എങ്ങനെയാണെന്ന് 53 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ഗംഭീർ പറയുന്നുണ്ട്. ലൈബ്രറി നിർമ്മാണത്തിനായി 25 ലക്ഷം ചെലവിട്ട കാര്യത്തെക്കുറിച്ചും പരാമർശമുണ്ട്.
अगर ईमानदारी से पैसे कमाकर जनता के लिए मुफ़्त रसोइयां, लाइब्रेरी, स्मॉग टॉवर लगाना ग़लत है, तो मैं ये ग़लती बार बार करूंगा! pic.twitter.com/dj4srwSdZ4
- Gautam Gambhir (@GautamGambhir) June 4, 2022
'ഞാൻ ഐപിഎല്ലിൽ കമന്ററി പറയുകയോ ജോലി ചെയ്യുകയോ ചെയ്യുന്നത് എന്തിനെന്നു ചോദിക്കുന്നവരോട്, പാവപ്പെട്ട 5000 ആളുകൾക്കു ഭക്ഷണം നൽകാൻ പ്രതിമാസം 25 ലക്ഷം രൂപയാണ് ഞാൻ ചെലവാക്കുന്നത്. പ്രതിവർഷം 2.75 കോടി രൂപയോളം വരും ഇത്. ലൈബ്രറി നിർമ്മാണത്തിന് 25 ലക്ഷത്തോളം രൂപയും ചെലവഴിച്ചു.
ഈ തുകയൊക്കെ എന്റെ സ്വന്തം പോക്കറ്റിൽനിന്നെടുത്താണു ഞാൻ ചെലവാക്കുന്നത്, അല്ലാതെ എംപി ഫണ്ടിൽനിന്നല്ല. എന്റെ അടുക്കള കാര്യങ്ങൾക്കോ സ്വകാര്യ ആവശ്യങ്ങൾക്കോ അല്ല ഞാൻ എംപി ഫണ്ടിലെ തുക ഉപയോഗിക്കുന്നതും.
എന്റെ വീട്ടിൽ പണം കായ്ക്കുന്ന മരവുമില്ല. ഞാൻ ജോലി ചെയ്യുന്നതുകൊണ്ടു മാത്രമാണ് ആ 5000 പേർക്കു ഭക്ഷണം നൽകാനും ലൈബ്രറി നിർമ്മിക്കാനും സാധിച്ചത്.
ഐപിഎല്ലിൽ കമന്ററി പറയുകയോ ജോലി ചെയ്യുകയോ ചെയ്യുന്നുണ്ടെന്നു പറയുന്നതിൽ ഒരു നാണക്കേടുമില്ല. ആത്യന്തികമായ ലക്ഷ്യത്തിനു വേണ്ടിയാണു ഞാൻ ഇതൊക്കെ ചെയ്യുന്നത്' ഗംഭീർ പറയുന്നു.
2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമിലെ അംഗമായ ഗംഭീർ ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു ശേഷമാണു രാഷ്ട്രീയത്തിലേക്കു ചുവടു മാറ്റുന്നത്. ഈസ്റ്റ് ഡൽഹിയിൽനിന്നുള്ള ബിജെപി എംപിയാണു നിലവിൽ ഗംഭീർ. കഴിഞ്ഞ ഐപിഎൽ സീസണിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിന്റെ മെന്ററായിരുന്നു ഗംഭീർ. മുൻ സീസണുകളിൽ കമന്റേറ്ററായും ഐപിഎല്ലിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.