- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവാചക നിന്ദ: രാജ്യാന്തര തലത്തിലും പ്രതിഷേധം; ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഖത്തർ; അതൃപ്തി അറിയിച്ച് ഒമാനും; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം; പ്രസ്താവന പിൻവലിച്ച് നൂപുർ ശർമ്മ
ന്യൂഡൽഹി: പ്രവാചകനെതിരായ ബിജെപി നേതാവ് നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ രാജ്യാന്തര തലത്തിലും പ്രതിഷേധം. വിഷയത്തിൽ പ്രതിഷേധം ഖത്തർ അറിയിച്ചു. ഇന്ത്യൻ സ്ഥാനപതിയെ .വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. പരാമർശം അപലപനീയമാണ്. സംഭവത്തിൽ നൂപുറിനെ സസ്‌പെൻഡ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്നും ഖത്തർ പറഞ്ഞു. പ്രവാചക നിന്ദയിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് ഒമാൻ വിദേശകാര്യമന്ത്രാലയവും പ്രസ്താവന ഇറക്കി.
ബിജെപി നേതാവിന്റെ വിവാദ പരാമർശത്തെ ഉത്തർപ്രദേശിലെ കാൺപൂരിൽ വലിയ സംഘർഷം അരങ്ങേറിയതിന് പിന്നാലെയാണ് ദോഹയിലെ ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തർ സർക്കാർ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഇതിനു പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയും പുറത്തിറങ്ങി.
'ചില വ്യക്തികൾ നടത്തിയ വിവാദ പ്രസ്താവനകളും ട്വീറ്റുകളും ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ഇത് വിവിധ വ്യക്തികളുടെ കാഴ്ചപ്പാടുകളാണ്' എന്ന് അംബാസഡർ ദീപക് മിത്തൽ അറിയിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.
'നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ പരാമ്പര്യം ഉയർത്തി പിടിച്ചാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങൾക്കും പരമോന്നത ബഹുമാനം നൽകുന്നു. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ബന്ധപ്പെട്ട സംഘടനകൾ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ ഇന്ത്യയുടെ പൊതുനിലപാടായി കാണരുത്,' ഇന്ത്യൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നു.
ബിജെപി വക്താവ് നൂപുർ ശർമ, സഹപ്രവർത്തകൻ നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ പരാമർശങ്ങളാണ് ഖത്തറിന്റേയും ഒമാന്റേയും പ്രതിഷേധത്തിന് വകവച്ചത്. സംഭവത്തിൽ . ജിൻഡാലിനെ പാർട്ടി പുറത്താക്കുകയും നൂപൂർ ശർമ്മയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് നൂപുർ ശർമ പറഞ്ഞു. തന്റെ മതവിശ്വാസത്തെ മുറിവേൽപിച്ചപ്പോൾ പരാമർശം നടത്തിയതാണെന്നും നൂപുർ വിശദീകരിച്ചു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അത് പിൻവലിക്കുന്നതായും നൂപുർ പറഞ്ഞു.
- Nupur Sharma (@NupurSharmaBJP) June 5, 2022
പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ ഒരു ടിവി ചർച്ചയ്ക്കിടെയും ഡൽഹി ബിജെപി മീഡിയ ഇൻ ചാർജ് നവീൻ കുമർ ജിൻഡാൽ ട്വിറ്ററിലുമാണ് വിവാദ പരാമർശം നടത്തിയത്. ഗ്യാൻവാപി വിഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമർശം.
നൂപുറിനെതിരെ മഹാരാഷ്ട്ര പൊലീസ് എഫ്െഎആർ രജിസ്റ്റർ ചെയ്തിരുന്നു. ഇരുവരുടെയും പരാമർശങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങളിലും വിമർശനം ഉയർന്നിരുന്നു. ഏതെങ്കിലും മതത്തെ അവഹേളിക്കുന്ന വ്യക്തികളെയും പ്രത്യയശാസ്ത്രത്തെയും ബിജെപി പിന്തുണയ്ക്കില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് വ്യക്തമാക്കി.
നൂപുറിന്റെ പരാമർശത്തെച്ചൊല്ലി കാൻപുരിൽ സംഘർഷമുണ്ടായതിനെത്തുടർന്ന് യുപിയിൽ സുരക്ഷ ശക്തമാക്കി. കാൻപുർ സംഘർഷത്തിലെ മുഖ്യപ്രതി ഹായത്ത് ജാഫർ ഹഷ്മി ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. ഇവർ മൗലാന അലി ജൗഹർ ഫാൻസ് അസോസിയേഷൻ എന്ന സംഘടനയിൽ പ്രവർത്തിക്കുന്നവരാണ്. പ്രതികളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
കാൻപുർ സംഘർഷത്തിന്റെ സാഹചര്യത്തിൽ യുപിയിൽ വിവിധ ഇടങ്ങളിൽ സുരക്ഷ കർശനമാക്കി. ബറേലിയിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജൂലൈ 3വരെ കർഫ്യു ഏർപ്പെടുത്തി. ജൂൺ 10ന് മുസ്‌ലിം പുരോഹിതൻ ത്വഖിർ റാസയുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്‌ച്ചയുണ്ടായ സംഘർഷത്തിൽ 13 പൊലീസുകാർക്ക് ഉൾപ്പെടെ നാൽപതോളം പേർക്കു പരുക്കേറ്റിരുന്നു




