കാർഡിഫ്: ഖത്തർ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി വെയിൽസ്. യുക്രെയ്‌നെ 1-0നു മറികടന്നാണ് വെയ്ൽസ് ഖത്തറിലേക്ക് പറക്കാൻ ഒരുങ്ങുന്നത്. 64 വർഷങ്ങൾക്കു ശേഷമാണ് വെയ്ൽസ് ലോകകപ്പിന് യോഗ്യത നേടുന്നതെന്നതാണ് ശ്രദ്ധേയമാകുന്നത്. 34-ാം മിനിറ്റിൽ യുക്രെയ്ൻ താരം ആൻഡ്രി യാർമോലെങ്കോയുടെ സെൽഫ് ഗോളാണ് കളിയിൽ നിർണായകമായത്. വെയ്ൽസ് ക്യാപ്റ്റൻ ഗാരെത് ബെയ്ൽ എടുത്ത ഫ്രീകിക്ക് യാർമോലെങ്കോയുടെ ദേഹത്തു തട്ടി യുക്രെയ്ൻ വലയിലെത്തുകയായിരുന്നു.

ലോകകപ്പിൽ ഇംഗ്ലണ്ട്, യുഎസ്എ, ഇറാൻ എന്നിവരുൾപ്പെടുന്ന ബി ഗ്രൂപ്പിലാണ് വെയ്ൽസ് കളിക്കുക. വെയ്ൽസ് കൂടി യോഗ്യത നേടിയതോടെ യൂറോപ്പിൽ നിന്നുള്ള 13 ലോകകപ്പ് ബെർത്തുകളും തീരുമാനമായി. ഖത്തറിലേക്കു യോഗ്യത നേടുന്ന 30ാം ടീമാണ് വെയ്ൽസ്. ഏഷ്യ തെക്കേ അമേരിക്ക, വടക്കേ അമേരിക്കഓഷ്യാനിയ വൻകരാ പ്ലേഓഫ് മത്സരങ്ങളിലെ വിജയികൾ കൂടി ഇനി ലോകകപ്പിനു യോഗ്യത നേടും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ്.