മുംബൈ: ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിന്റെ അമ്പതാം പിറന്നാൾ വിരുന്നിൽ പങ്കെടുത്ത അൻപതോളം പേർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ടുകൾ. മെയ് 25ന് യാഷ് രാജ് സ്റ്റുഡിയോയിൽ വച്ചായിരുന്നു ആഘോഷം. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, ഹൃത്വിക് റോഷൻ, രവീണ ഠണ്ടൻ, മാധുരി ദീക്ഷിത് തുടങ്ങി ഒട്ടനവധി ബോളിവുഡ് താരങ്ങൾ ചടങ്ങിൽ അതിഥികളായിരുന്നു.

ഷാരൂഖ് ഖാൻ, കത്രീന കൈഫ്, വിക്കി കൗശൽ, ആദിത്യ റോയ് കപൂർ തുടങ്ങിയവർ കോവിഡ് ബാധിച്ച വിവരം പുറത്ത് വിട്ടിരുന്നു. എന്നാൽ ഇവരെ കൂടാതെ ഒട്ടേറെയാളുകൾ പോസിറ്റീവാണെന്നും അവർ ക്വാറന്റൈനിൽ കഴിയുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടിയിൽ പങ്കെടുക്കാത്ത കാർത്തിക് ആര്യനും കോവിഡ് ബാധിതനാണ്. വിരുന്നിൽ പങ്കെടുത്തവരുമായി കാർത്തിക് സമ്പർക്കം പുലർത്തിയതിനാലാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിന് പുറമെ പാർട്ടിയിൽ പങ്കെടുത്ത, കരൺ ജോഹറിന്റെ സിനിമാ താരങ്ങളല്ലാത്ത സുഹൃത്തുക്കൾക്കും കോവിഡ് ബാധിച്ചതായും റിപ്പോർട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ബോളിവുഡ് താരങ്ങൾക്കിടയിലും വൈറസ് പകരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതോടെ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

മുംബൈയിൽ 961 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 917-പേരും രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണ്. 44 പേരാണ് ഞായറാഴ്ച ചികിത്സ തേടി ആശുപത്രിയിലെത്തിയത്. കോവിഡ് ബാധിച്ച് ഒരാൾ ഞായറാഴ്ച മരിച്ചു. ഇതോടെ ആകെ മരണം 19,569-ലേക്കുയർന്നു. നിലവിൽ നഗരത്തിൽ ചികിത്സയിലുള്ളവർ 4,880 പേരാണ്. ഈ രീതിയിൽ രോഗികളുടെ എണ്ണം കൂടിയാൽ മുഖാവരണം ധരിക്കേണ്ടത് നിർബന്ധമാക്കേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.