- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിസന്ധികളിൽ തോൽക്കാത്ത മനസ്സിന്റെ ഉറപ്പ്; ഉൾക്കാഴ്ചയിൽ വിരിഞ്ഞത് കുടകളും, പേനകളും, കാർപെറ്റുകളും, ശിൽപ്പങ്ങളും; നന്നായി നൃത്തം ചെയ്യും; ശ്രീഷ്ണ ചെയ്യുന്നത് കണ്ണുള്ളവർക്ക് പോലും അപ്രാപ്യമായ കാര്യങ്ങൾ
കണ്ണൂർ: കണ്ണൂർ തലശ്ശേരി ചോനാടത്ത് താമസിക്കുന്ന ശ്രീഷ്ണ എന്ന പെൺകുട്ടിയെ അടുത്തറിയുന്ന എല്ലാവർക്കും ഒരു അത്ഭുതമാണ്. കാഴ്ചശക്തിയോ കേൾവിശക്തിയോ സംസാരശേഷിയോ ഇല്ലാതിരുന്നിട്ടും ഈ യുവതി ചെയ്യുന്ന കാര്യങ്ങൾ കണ്ണുള്ളവർക്ക് പോലും അപ്രാപ്യമായ കാര്യങ്ങൾ ആണ്.
ശ്രീഷ്ണ കാഴ്ചശക്തി ഇല്ലാതെ തന്നെ കുടകളും, പേനകളും, കാർപെറ്റുകളും, ശിൽപ്പങ്ങളും വളരെ ഭംഗിയോടെ കൈകൊണ്ട് നിർമ്മിക്കും. ഇതിനുപുറമേ നന്നായി നൃത്തവും ചെയ്യും. 29 കാരിയായ ശ്രീഷ്ണയുടെ കഴിവുകൾ കണ്ടിട്ട് കണ്ണൂർ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രി ശ്രീഷ്ണക്ക് ജോലിയും നൽകി. ആശുപത്രിയിൽ സോപ്പ് എടുത്തു കൊടുക്കുന്ന തൊഴിൽ ആണിപ്പോൾ ശ്രീഷ്ണ നിർവഹിക്കുന്നത്.
ശ്രീഷ്ണയ്ക്ക് എല്ലാ പിന്തുണയുമായി അച്ഛൻ അനന്തകൃഷ്ണനും അമ്മയും അനിയനും കൂടെ തന്നെയുണ്ട്. ജന്മനാ അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ശ്രീഷ്ണ മൂന്ന് വയസ്സ് വരെ. കഴുത്തു പോലും വളഞ്ഞു നിൽക്കുന്ന അവസ്ഥ. എന്നാൽ കുടുംബം കൂടെ തന്നെ നിന്നു. ഫിസിയോതെറാപ്പി മറ്റു കാര്യങ്ങളും ഒക്കെ ചെയ്തു നടക്കാൻ പറ്റുന്ന അവസ്ഥയിൽ എത്തി.
ഹൃദയസംബന്ധമായ അസുഖം ചെറുപ്പത്തിലെ ഇവർക്കുണ്ടായിരുന്നു. ഒരു കണ്ണിന് ആദ്യം കാഴ്ചശക്തി ഉണ്ടായിരുന്നുവെങ്കിലും ക്രമേണ അതും നഷ്ടപ്പെട്ടു. കേൾവിശക്തിയും സംസാരശേഷിയും ഇല്ല എന്ന് ജനിച്ച് ഒരു വയസ്സ് ആയപ്പോഴാണ് തിരിച്ചറിഞ്ഞത്. ഒട്ടേറെ പ്രതിസന്ധികൾ ആയിരുന്നു ജനിച്ച സമയത്ത് തന്നെ നേരിട്ടത്. എന്നാൽ തോറ്റു കൊടുക്കില്ല എന്ന കുടുംബത്തിന്റെ വാശിയും ശ്രീഷ്ണയുടെ മനസ്സിന്റെ ഉറപ്പുമാണ് ഉൾക്കാഴ്ചയുടെ കരുത്തിൽ മുന്നേറാൻ വഴിയൊരുക്കിയത്.
പഠിക്കാൻ പോയ സ്ഥലത്തുനിന്ന് മുഴുവൻ വൈകല്യം കാരണം തഴയപ്പെട്ടു എങ്കിലും വിട്ടു കൊടുക്കാൻ തയ്യാറായില്ല. കാഴ്ചശക്തി ഇല്ലാത്തവർ വായിക്കാനും ആശയ വിനിമയം നടത്തുവാനും ഉപയോഗിക്കുന്ന ബ്രെയ്ലി ലിപി പഠിച്ചെടുത്തു. ബോംബെയിലെ ഹെലൻ കെലർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്ന് പഠിച്ചു. തോറ്റു കൊടുക്കാൻ തയ്യാറായില്ല.
ശ്രീഷ്ണ നൃത്തം പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതും പഠിപ്പിച്ചു. ഇവരുടെ കഴിവ് കൃത്യമായി തിരിച്ചറിഞ്ഞ സഞ്ജയ് അമ്പലപ്പറമ്പ് എന്ന വ്യക്തി ഇവരുടെ കഥ ആസ്പദമാക്കി 'കണ്മണി' എന്ന പുസ്തകം രചിച്ചു. ആ പുസ്തകം ശ്രീഷ്ണ വായിക്കുന്നത് ബ്രെയ്ലി ലിപി ഉപയോഗിച്ചാണ്.
ശ്രീഷ്ണയുടെ കഴിവ് മനസ്സിലാക്കി നിരവധി ചാനൽ പരിപാടികളിൽ നിന്നും ക്ഷണം ലഭിച്ചു. പണം തരും പടം, കോമഡി ഉത്സവം, മമ്മൂട്ടി അവാർഡ് നൽകുന്ന ഫീനിക്സ് അവാർഡ് തുടങ്ങിയ സ്ഥലങ്ങളിൽ ശ്രീഷ്ണ കുടുംബത്തിന്റെ സഹായത്തോടെ എത്തപ്പെട്ടു. ഇന്ന് ശ്രീഷ്ണ തിരക്കിലാണ്. തന്റെതായ ലോകത്ത് പലരീതിയിലുള്ള വ്യക്തിമുദ്ര പതിപ്പിച്ച അവർ യാത്ര തുടർന്നു.
മറുനാടന് മലയാളിയുടെ കൊച്ചി റിപ്പോര്ട്ടര്