- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെന്മലയിൽ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ കാട്ടാന ചരിഞ്ഞു; ജഡത്തിന് രണ്ട് ദിവസത്തെ പഴക്കം
തെന്മല: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ വൈദ്യുതി കമ്പിയിൽനിന്നും ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. ആര്യങ്കാവ് താഴെ ഇരുളൻകാട്ടിൽ സദാശിവന്റെ വസ്തുവിലാണു കാട്ടനയെ ചരിഞ്ഞ നിലയിൽ തിങ്കളാഴ്ച ഉച്ചയ്ക്കു കണ്ടെത്തിയത്. ജഡത്തിന് രണ്ട് ദിവസം പഴക്കമുണ്ട്.
പ്ലാവിൽനിന്നു ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി കമ്പിയിൽ ഒരെണ്ണം ആനയുടെ വായിലും ഒരെണ്ണം തുമ്പിക്കൈയിലും തട്ടി നിൽക്കുന്ന നിലയിലായിരുന്നു. സ്വകാര്യ തോട്ടത്തിൽ ജോലിക്കുപോയ പണിക്കാരാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ഉടൻതന്നെ വനം വകുപ്പിനെയും വൈദ്യുതി വകുപ്പിനെയും അറിയിച്ചു.
220 വാട്‌സ് സിംഗിൾ ഫേസ് ലൈനാണ് ഇതുവഴി കടന്നുപോകുന്നത്. പ്ലാവിന്റെ കൊമ്പ് ഒടിഞ്ഞ് വൈദ്യുതി കമ്പിയിൽ വീണതോടെ ആനയുടെ തുമ്പിക്കൈ കുരുങ്ങിയതാണ് അപകടകാരണമെന്ന് കെഎസ്ഇബി തെന്മല സെക്ഷൻ എൻജിനീയർ എസ്.സജീവ് പറഞ്ഞു. വൈദ്യുതി ലൈനിന് ഈ ഭാഗത്ത് നിയമം അനുശാസിക്കുന്ന ക്ലീയറൻസ് ഉള്ളതാണെന്നും അറിയിച്ചു.
വൈദ്യുതി ആഘാതമേറ്റ് ചരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്‌മോർട്ടം ചൊവ്വാഴ്ച നടത്തുമെന്നും ഷോക്കേറ്റതാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനമെന്നും തെന്മല റേഞ്ച് ഓഫിസർ ബി.ആർ. ജയൻ പറഞ്ഞു. ഈ ഭാഗത്ത് കഴിഞ്ഞ കുറേ ദിവസമായി ആന ശല്യം ഏറിവരുന്നുണ്ടായിരുന്നു. ചക്ക സീസൺ ആരംഭിച്ചതോടെ ആനകൾ സ്വകാര്യ വസ്തുവിൽ പ്രവേശിക്കുന്നത് കിഴക്കൻ മേഖലയിൽ പതിവാണ്.
മറുനാടന് മലയാളി ബ്യൂറോ