ന്യൂഡൽഹി: പ്രവാചക നിന്ദ വിഷയത്തിൽ ദേശീയവക്താവ് നൂപുർ ശർമ വിവാദത്തിലായതിന് പിന്നാലെ നേതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി ബിജെപി. പരാമർശങ്ങൾ നടത്തും മുമ്പ് ചിന്തിക്കണമെന്നും ടിവി ചർച്ചകളിൽ പങ്കെടുക്കുമ്പോൾ പരിധി ലംഘിക്കരുതെന്നും പാർട്ടി ഡൽഹി ഘടകം നിർദ്ദേശം നൽകി.

നരേന്ദ്ര മോദി സർക്കാരിന്റെ എട്ട് വർഷത്തെ നേട്ടങ്ങൾ മാത്രം സംസാരിച്ചാൽ മതിയെന്നും വക്താക്കളോട് പാർട്ടി നിർദേശിച്ചു. ദേശീയവക്താവ് നൂപുർ ശർമയുടേയും ഡൽഹി ഘടകത്തിന്റെ മാധ്യമവിഭാഗം മേധാവി നവീൻ ജിൻഡാലിനെയും പർമർശങ്ങൾ വൻവിവാദമാകുകയും രാജ്യാന്തര തലത്തിലടക്കം വലിയ വിമർശനം വിളിച്ചുവരുത്തുകയും ചെയ്ത സാഹചര്യത്തിലാണ് നിർദ്ദേശം.

വിവാദപരാമർശം നടത്തിയ നൂപുർ ശർമയെയും നവീൻ ജിൻഡാലിനെയും ബിജെപി. പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞദിവസം ഗ്യാൻവാപി വിഷയത്തിൽ ചാനൽ ചർച്ചയിലായിരുന്നു നൂപുറിന്റെ വിവാദപരാമർശം. ട്വിറ്ററിലായിരുന്നു നവീൻ ജിൻഡലിന്റെ വിവാദ പോസ്റ്റ്. ഇതുപിന്നീട് അദ്ദേഹം നീക്കി.

വിവാദ പരാമർശങ്ങളേച്ചൊല്ലി വെള്ളിയാഴ്ച യു.പി.യിലെ കാൺപുരിൽ വൻ സംഘർഷമുണ്ടായിരുന്നു. പരാതിയെത്തുടർന്ന് നൂപുർ ശർമയ്ക്കെതിരേ ഹൈദരാബാദ്, താനെ പൊലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്.