- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴ്ച്ചയിൽ നാല് ദിവസം പ്രവൃത്തി ദിവസങ്ങളെന്ന പദ്ധതിയിൽ പങ്കാളിയാവാൻ അയർലന്റും;ഫോർ ഡേ വീക്ക് ഗ്ലോബൽ ആറു മാസം ടെസ്റ്റ് റൺ നടത്താൻ രാജ്യം
ആഴ്ചയിൽ നാല് ദിവസം ജോലി എന്ന ആശയം ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. ഈ ആശയത്തിന്റെ വിജയം സംബന്ധിച്ച ട്രയലും ഒപ്പം ഗവേഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരികയാണ്. ബ്രിട്ടണിൽ 70 കമ്പനികളിൽ നിന്നായി 3000 ൽ അധികം ആളുകളാണ്. ഫോർ ഡേ വീക്ക് ട്രയൽ ആരംഭിച്ചിരിക്കുന്നത്. ഒരു ദിവസത്തെ പോലും ശമ്പളം നഷ്ടപ്പെടാതെയാണ് നാല് ദിവസത്തെ ജോലി എന്നത് പരീക്ഷണാർത്ഥംനടപ്പിലാക്കുന്നത്
വിവിധ രാജ്യങ്ങൾക്കൊപ്പം തൊഴിൽ രംഗത്ത് പരീക്ഷണത്തിനൊരുങ്ങുകയാണ് അയർലണ്ടും. ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങളെന്ന ആഗോള പരീക്ഷണ പദ്ധതിയിലാണ് രാജ്യം ആറു മാസം ടെസ്റ്റ് റൺ നടത്തുന്നത്. ബ്രിട്ടൻ, യു എസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് തുടങ്ങിയ രാജ്യങ്ങളും ഈ ട്രാക്കിൽ ഒപ്പമുണ്ട്.
തിങ്ക് ടാങ്ക് ഓട്ടോണമി, 4 ഡേ വീക്ക് യുകെ കാമ്പെയ്ൻ, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, ബോസ്റ്റൺ കോളജ് എന്നിവയുടെ പങ്കാളിത്തത്തോടെ 4 ഡേ വീക്ക് ഗ്ലോബൽ ആണ് പരീക്ഷണ പദ്ധതി സംഘടിപ്പിക്കുന്നത്. ഉൽപ്പാദനക്ഷമത സമ്പൂർണ്ണമായി നിലനിർത്തുന്നതിന് 80% സമയത്തേക്ക് തൊഴിലാളികൾക്ക് 100% ശമ്പളം നൽകുന്നതാണ് പദ്ധതിയുടെ സാരം. ജീവനക്കാർ, കമ്പനികൾ, കാലാവസ്ഥ എന്നിവയുൾപ്പെടുന്ന ട്രിപ്പിൾ ഡിവിഡന്റ് പോളിസിയായാണ് ഫോർ ഡേ വീക്കിനെ കണക്കാക്കുന്നത്.
പരീക്ഷണ പദ്ധതിയുടെ ഭാഗമാകുന്ന ഓരോ സ്ഥാപനങ്ങളുടെയും ഉൽപ്പാദനക്ഷമതയും തൊഴിലാളി ക്ഷേമവും പരിസ്ഥിതി-ലിംഗസമത്വ ആഘാതവുമെല്ലാം ഗവേഷകർ നിരീക്ഷിക്കും. ജീവനക്കാർ നേരിട്ടിരുന്ന സമ്മർദം, ക്ഷീണം, ജോലി, ജീവിത സംതൃപ്തി, ആരോഗ്യം, ഉറക്കം എന്നിവയും കണക്കിലെടുക്കും. കൂടാതെ ഊർജ്ജ ഉപയോഗം, യാത്ര തുടങ്ങി ജീവിതത്തിന്റെ മറ്റ് പല വശങ്ങളും ഗവേഷണത്തിന് വിധേയമാക്കും.
വിദ്യാഭ്യാസം മുതൽ ജോബ് കൺസൾട്ടൻസി വരെയുള്ള സ്ഥാപനങ്ങൾ പരീക്ഷണത്തിന്റെ ഭാഗമാണ്. ബാങ്കിങ്, കെയർ, ഫിനാൻഷ്യൽ സർവ്വീസ്, ഐ ടി സോഫ്ട്വെയർ പരിശീലനം, പ്രൊഫഷണൽ ഡവലപ്‌മെന്റ്, ലീഗൽ ട്രയിനിങ്, ഹൗസിങ്, ഓട്ടോമോട്ടീവ് സപ്ലൈ സർവ്വീസ്, ഓൺലൈൻ റീട്ടെയിൽ, ഹോംകെയർ, സ്‌കിൻ കെയർ, ആനിമേഷൻ സ്റ്റുഡിയോ, ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ റിക്രൂട്ട്‌മെന്റ് സർവ്വീസ്, ഫുഡ് ആൻഡ് ബിവറേജ്, ഹോസ്പിറ്റാലിറ്റി, ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനങ്ങളും പരീക്ഷണ പദ്ധതിയിലുണ്ട്.