ദുബൈ: യൂണിയൻ കോപിന്റെ ദുബൈയിലെ വിവിധ ശാഖകൾ വഴി ശരാശരി മൂന്ന് മുതൽ നാല് ടൺ വരെ മത്സ്യവും മറ്റ് സമുദ്ര ഉത്പന്നങ്ങളുമാണ് ദിവസവും ഉപഭോക്താക്കളിലേക്ക് എത്തുന്നത്. പ്രാദേശിക മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നവയും ഉൾപ്പെടെയുള്ള കണക്കാണിതെന്ന് യൂണിയൻ കോപ് ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജർ യാഖൂബ് അൽ ബലൂഷി വിശദമാക്കി. യൂണിയൻ കോപിന്റെ മത്സ്യ വിഭാഗം മികച്ച ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ വർഷം ആരംഭിച്ച പുതിയ ശാഖകളിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി പ്രാദേശികവും ഇറക്കുമതി ചെയ്തവയുമായ കൂടുതൽ മത്സ്യ ഇനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശികവും ഇറക്കുമതി ചെയ്തവയുമായ 120 മുതൽ 150 വരെ മത്സ്യ ഇനങ്ങളാണ് സ്റ്റോറുകളിലേക്ക് എല്ലാ ദിവസവും എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷേരി, സാഫി, ഹമൂർ, കനാദ്, ബയാ, നഗൂർ, ജഷ്, ഖബാത്ത്, ഖുബാബ്, കോര, ചെമ്മീൻ, സീബാസ്, വിവിധ തരം ചെമ്മീനുകൾ തുടങ്ങിയ മത്സ്യങ്ങളൊക്കെ സ്റ്റോറുകളിൽ എത്തുന്നുണ്ട്.

ദുബൈയുടെ വിവിധ ഭാഗങ്ങളിൽ പരന്നുകിടക്കുന്ന യൂണിയൻ കോപ് ശാഖകൾ, അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെ പ്രാധാന്യം കാരണം തന്നെ കുടുംബങ്ങളുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമായി മാറിയിട്ടുണ്ട്. ഫ്രഷ് മീറ്റ്, ഫിഷ്, പച്ചക്കറികൾ, പഴങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ച വിഭാഗങ്ങളിലൂടെ ഏറ്റവും മികച്ച വിലയിൽ എത്തിക്കുന്നത് വഴി സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന തരത്തിലാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഈ വർഷം ആദ്യം മുതൽ ഡിമാന്റ് വർദ്ധിക്കാൻ കാരണമാവുകയും ചെയ്തു.