മുംബൈ: പ്രവാചകനെതിരെ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് നൂപുർ ശർമയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വർഗീയ പരാമർശത്തിൽ മുംബൈ പൊലീസിന് മുന്നിലാണ് ഹാജരാകേണ്ടത്.

ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിൽ നൂപുർ ശർമയ്‌ക്കെതിരെ കഴിഞ്ഞ മാസം 27ന് ആണ് മുംബൈ പൊലീസ് കേസെടുത്തത്. മുംബൈ റാസ അക്കാദമി ജോയന്റ് സെക്രട്ടറി ഇർഫാൻ ഷൈഖ് നൽകിയ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവം ശ്രമം നടത്തി, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഇതിനിടെ നൂപുർ ശർമയ്ക്ക് എതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തി. പ്രോഗ്രസീവ് മുസ്ലിം വെൽഫെയർ കമ്മിറ്റി അംബർനാഥ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

നബി വിരുദ്ധ പരാമർശത്തിൽ സസ്‌പെൻഷനിലായ ബിജെപി വക്താവ് നുപുർ ശർമയ്ക്ക് ഡൽഹി പൊലീസ് സുരക്ഷ നൽകും. വധ ഭീഷണിയുണ്ടെന്ന നുപൂർ ശർമയുടെ പരാതിയിലാണ് സുരക്ഷ ഏർപ്പെടുത്തിയത്. പരാതിയിൽ ഡൽഹി പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും തന്റെ വിലാസം പരസ്യമാക്കരുതെന്നും നൂപുർ ശർമ ആവശ്യപ്പെട്ടു. നൂപുർ ശർമയെ സസ്‌പെൻഡ് ചെയ്ത് ബിജെപി പുറത്തുവിട്ട കത്തിൽ അവരുടെ മേൽവിലാസമുണ്ടായിരുന്നു. ഈ കത്ത് സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.