ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡിൽ പതിനാറുകാരിയുടെ അണ്ഡം വിൽപ്പന നടത്തി പണമുണ്ടാക്കിയ കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എട്ട് തവണയോളം ഇരുവരും ചേർന്ന് നിർബന്ധപൂർവ്വം കുട്ടിയുടെ അണ്ഡം വിറ്റുവെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടിൽ കടുത്ത പീഡനം നേരിട്ട പെൺകുട്ടിയെ രണ്ടാനച്ഛൻ നിരവധി തവണ ലൈഗിംകമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

സംഭവത്തിൽ കുട്ടിയുടെ അമ്മ ഇന്ദ്രാണി, രണ്ടാനച്ഛൻ സയ്യിദ് അലി, ഇവർക്ക് സഹായം നൽകിയ മാലതി എന്നിവരെ അറസ്റ്റ് ചെയ്തു. പെൺകുട്ടി ഋതുമതി ആയതു മുതൽ അണ്ഡം വിൽക്കാൻ ഇരവരും ശ്രമിച്ചിരുന്നു. ഓരോ തവണയും വിൽപ്പനയിലൂടെ 20,000 രൂപയാണ് സമ്പാദിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെ തടവിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി സേലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതോടെയാണ് മാതാപിതാക്കളുടെ ക്രൂരത പുറത്തറിയുന്നത്. പിന്നീട് അടുത്ത ബന്ധുക്കളുടെ സഹായത്തോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിലെ ആറംഗ ഉന്നതതല സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തു. സംസ്ഥാനത്തെ വിവിധ ഫെർട്ടിലിറ്റി സെന്ററുകളിലെത്തി പെൺകുട്ടിയുടെ അണ്ഡം വിൽപ്പന നടത്തിയിട്ടുണ്ടെന്ന് സംഘം കണ്ടെത്തി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ ഫെർട്ടിലിറ്റി സെന്ററുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ഫെർട്ടിലിറ്റി സെന്ററുകൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെങ്കിൽ അവരുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും ഇതിൽ ഉൾപ്പെട്ട ഡോക്ടർമാർക്കെതിരേ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയിക്കാൻ വ്യാജ ആധാർ കാർഡും ഇവർ നിർമ്മിച്ചിരുന്നു. ഇതിന് സഹായം നൽകിയത് മാലതിയായിരുന്നു. പോക്സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് മൂന്നു പേർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തത്. ഇന്ദ്രാണിക്ക് ആദ്യവിവാഹത്തിലുണ്ടായ കുട്ടിയാണിത്. ആദ്യ ഭർത്താവുമായി ഇവർ നേരത്തെ പിരിഞ്ഞിരുന്നു.