ന്യൂഡൽഹി: സ്ലൊവേനിയയിൽ നടന്ന ക്യാമ്പിനിടെ ദേശീയ സ്പ്രിന്റ് ടീം മുഖ്യപരിശീലകൻ ആർ.കെ ശർമ മോശമായി പെരുമാറിയെന്ന പരാതിയുമായി പ്രമുഖ ഇന്ത്യൻ സൈക്ലിങ് താരം രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ സൈക്ലിസ്റ്റ് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (സായ്) പരാതി അയച്ചതായാണ് റിപ്പോർട്ട്.

ജൂൺ 18 മുതൽ 22 വരെ ഡൽഹിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പ് ക്യാമ്പിൽവച്ചാണ് പരിശീലകനിൽ നിന്നും മോശം അനുഭവമുണ്ടായതെന്ന് താരം പറയുന്നു.

ഇതോടെ സുരക്ഷാ കാരണങ്ങളെ തുടർന്ന് വനിതാ താരത്തെ ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചിരുന്നു. പരാതിയിൽ അന്വേഷണം നടത്താൻ സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയും സായിയും പ്രത്യേക അന്വേഷണ സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്.

സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്നാണ് ആർ.കെ ശർമ പരിശീലക സ്ഥാനത്തെത്തുന്നത്. 2014 മുതൽ സൈക്ലിങ് ടീമുകൾക്കൊപ്പം പ്രവർത്തിക്കുന്ന ശർമ, മുൻ എയർഫോഴ്സ് എച്ച്.ആർ മാനേജർ കൂടിയാണ്.