ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ നാളെ ഹാജരായേക്കില്ലെന്ന് സൂചന. കോവിഡ് സ്ഥിരീകരിച്ച സോണിയക്ക് ഇനിയും ഭേദമായിട്ടില്ല. ആരോഗ്യസ്ഥിതി മോശമാണെന്ന് അറിയിച്ച് ഇഡിക്ക് കത്ത് നൽകിയേക്കും.

സോണിയാ ഗാന്ധി മകൻ രാഹുൽ ഗാന്ധി എന്നിവരോട് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയോട് 13 ന് ഹാജരാകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനൽ വകുപ്പുകളുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്.

2012 ൽ മുൻ എംപി സുബ്രഹ്‌മണ്യൻ സ്വാമി നൽകിയ പരാതിയിലാണ് പത്ത് വർഷങ്ങൾക്കിപ്പുറം ഇഡി തുടർനടപടി സ്വീകരിക്കുന്നത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപണ ഇടപാട് നടന്നുവെന്നാണ് കേസിനാസ്പദമായ പരാതി.

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഏതാനും കോൺഗ്രസ് നേതാക്കളും ഡയറക്ടർമാരായി 5 ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനിരണ്ടായിരം കോടി രൂപയിലേറെ ആസ്തിയുള്ള അസോസിയേറ്റഡ് ജേര്ണ്ണൽ എന്ന കമ്പനി തട്ടിയെടുത്തുവെന്നാണ് സു്ബ്രഹമ്ണ്യൻ സ്വാമിയുടെ പരാതി. വെറും അൻപത് ലക്ഷം രൂപയേ ഇടപാടിനായി നൽകിയുള്ളൂവെന്നും പരാതിയിലുണ്ട്.

ഡൽഹി കോടതിയിൽ സുബ്രഹ്‌മണ്യൻ സ്വാമി നൽകിയ പരാതിയിൽ ഹാജരാകാൻ സോണിയക്കും, രാഹുലിനും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി കുടുംബം നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. യങ് ഇന്ത്യയെ ട്രസ്റ്റായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ നികുതി ട്രിബ്യൂണൽ തള്ളിയിരുന്നു.