ദോഹ: ഖത്തറിൽ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഡൽഹിക്ക് മടങ്ങി. ഉപരാഷ്ട്രപതിയെ യാത്രയാക്കാൻ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ദോഹ വിമാനത്താവളത്തിൽ എത്തി.

ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും എംബസി ഉദ്യോഗസ്ഥരും അദ്ദേഹത്തെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഖത്തറിലെത്തിയ അദ്ദേഹം ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർലമെന്ററികാര്യ മേഖലയിൽ ഇന്ത്യയും ഖത്തറും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു.

ഖത്തർ നാഷണൽ മ്യൂസിയവും ഉപരാഷ്ട്രപതി സന്ദർശിച്ചിരുന്നു. മ്യൂസിയം ചെയർപേഴ്സൺ ശൈഖ് അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽഥാനിക്കൊപ്പമാണ് അദ്ദേഹം മ്യൂസിയം സന്ദർശിച്ചത്. ഷെറാട്ടൺ ഹോട്ടലിൽ ഇന്ത്യൻ പ്രവാസി സമൂഹം നൽകിയ സ്വീകരണ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു.

സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽഥാനി, പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ ഖുവാരി, വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി എന്നിവരുമായും ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തിയിരുന്നു.