മുംബൈ: മയക്കുമരുന്നു കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടനും എംപിയുമായ ശത്രുഘ്നൻ സിൻഹ. അറസ്റ്റിന് തൊട്ടുപിന്നാലെ ഷാരൂഖ് ഖാനും ആര്യൻ ഖാനും പിന്തുണയുമായി ശത്രുഘ്നൻ സിൻഹ രംഗത്ത് വന്നിരുന്നു. എന്നാൽ പ്രതീക്ഷിച്ചത് പോലെ ഷാരൂഖ് ഒരു നന്ദിപോലും പറഞ്ഞില്ലെന്നാണ് ശത്രുഘ്നൻ സിൻഹ പ്രതികരിച്ചത്. കഴിഞ്ഞ മാസമാണ് ആര്യനെ കേസിൽ കുറ്റവിമുക്തനാക്കിയത്.

നാഷൺ നെക്സ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ശത്രുഘ്നൻ സിൻഹയുടെ പ്രതികരണം. സൂപ്പർ താരത്തിന്റെ മകനായതുകൊണ്ടാണോ ആര്യൻ ഖാനെക്കുറിച്ച് ആശങ്ക തോന്നിയതെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഇത് എല്ലാ മാതാപിതാക്കളുടെയും ആശങ്കയാണ്. ആര്യനെ അറസ്റ്റിന് ശേഷം അവർ കൈകാര്യം ചെയ്ത രീതി, അയാളെക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിച്ചത്. അദ്ദേഹത്തിനെ കുറ്റവിമുക്തനാക്കിയതോടെ ഞാൻ ചെയ്തത് ശരിയാണെന്ന് കരുതുന്നു. ഒരു പിതാവെന്ന നിലയിൽ ഷാരൂഖ് ഖാന്റെ വേദന അറിയാമായിരുന്നു. ആര്യൻ കുറ്റക്കാരനാണെങ്കിൽ കൂടി അയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കുന്നതിന് പകരം ജയിലിലടക്കുകയാണ് ചെയ്തത്. ഒരു കാര്യം കൂടി ഇതോടൊപ്പം പറയുന്നു. ഞാൻ പ്രതീതിക്ഷിച്ച പോലെ തന്നെ സംഭവിച്ചു. എനിക്ക് ഷാരൂഖ് ഖാനിൽ നിന്ന് നന്ദിയോ നല്ല വാക്കോ ലഭിച്ചില്ല- ശത്രുഘ്നൻ സിൻഹ പറഞ്ഞു.

ഷാരൂഖുമായി വ്യക്തിപരമായ ബന്ധം പുലർത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ശത്രുഘ്നനൻ സിൻഹയുടെ മറുപടി ഇങ്ങനെ. 'ഇല്ല, തീർച്ചയായും ഇല്ല, ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്നില്ല. എനിക്ക് അദ്ദേഹവുമായി ബന്ധം പുലർത്തേണ്ട ആവശ്യമില്ല. അദ്ദേഹത്തിനായിരുന്നു അത് വേണ്ടിയിരുന്നത്. പക്ഷേ ഒരുകാര്യം കൂടി പറയാം, അദ്ദേഹം എന്നോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ല'- ശത്രുഘ്നൻ സിൻഹ കൂട്ടിച്ചേർത്തു.

2021 ഒക്ടോബർ രണ്ടിനാണ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ അടക്കമുള്ളവരെ എൻ.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ എൻ.സി.ബി. സോണൽ ഡയറക്ടറായിരുന്ന സമീർ വാംഖഡെയ്‌ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയർന്നു. ആര്യൻ ഖാനെ കേസിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കേസിൽ അറസ്റ്റിലായി ജയിലിൽ പോകേണ്ടിവന്ന ആര്യൻ ഖാന്, ആഴ്ചകൾക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.