ദോഹ: 'പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം 'എന്ന തലക്കെട്ടിൽ നോർക്ക , കേരള സർക്കാർ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക , അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക , പദ്ധതികൾ ആകർ ഷണീയമാക്കുന്നതിനും കാര്യക്ഷമായി നടപ്പിലാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഭാഗമായി റിസോഴ്‌സ് പേഴ്‌സൺ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

സാധാരണക്കാരായ പ്രവാസികൾക്ക് ക്ഷേമ, പെൻഷൻ പദ്ധതികൾ വിശദമായി പരിചയപ്പെടുത്താനും അതിൽ അംഗത്വം എടുക്കുന്നതിന് അവരെ സഹായിക്കാനും ഖത്തറിലെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം റിസോഴ്‌സ് പേഴ്‌സണുകൾക്കാണ് പരിശീലനം നൽകിയത്.

കൾച്ചറൽ ഫോറം പ്രസിഡന്റ് എ.സി മുനീഷ് വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം നോർക്ക - പ്രവാസി ക്ഷേമ ബോർഡ് പദ്ധതികളുടെ ചുമതലയുള്ള ഉവൈസ് എറണാകുളം വർക്ക് ഷോപ്പിന് നേതൃത്വം നൽകി. ക്യാമ്പയിൻ ജനറൽ കൺവീനർ ഫൈസൽ എടവനക്കാട് പരിപാടികൾ വിശദീകരിച്ചു. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി താസീൻ അമീൻ അദ്ധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫോറം സ്റ്റേറ്റ് കമ്മറ്റിയംഗം രാധാകൃഷ്ണൻ സ്വാഗതവും സെക്രട്ടറി സിദ്ദീഖ് വേങ്ങര സമാപന പ്രസംഗവും നടത്തി.