- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്; മുഖ്യമന്ത്രി മാറി നിന്ന് അന്വേഷണം നേരിടണം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തെ കുറിച്ചുള്ള സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി ഉന്നതരുടെ പങ്കിനെ കുറിച്ച് വിശദമായ വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് നടത്തിയിട്ടുള്ളത്. രാഷ്ട്രീയ രംഗത്തെ പ്രമുഖർക്ക് സ്വർണക്കടത്തുമായി ബന്ധമുള്ളതിനാൽ സമഗ്രമായ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതിയെ ഉപയോഗപ്പെടുത്തി നടത്തണം. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്കാളിത്തത്തെക്കുറിച്ച് ആവർത്തിച്ചു നിഷേധിച്ച പിണറായി വിജയൻ സ്വപ്ന സുരേഷ് ഇപ്പോൾ നടത്തിയിട്ടുള്ള വെളിപ്പെടുത്തലിന് ജനങ്ങളോട് വിശദീകരണം നൽകണം.
വിദേശ പര്യടനങ്ങൾ ദുരുപയോഗപ്പെടുത്തിയാണ് സ്വർണക്കടത്ത് നടത്തിയിട്ടുള്ളത് എന്ന ആരോപണവും ഗൗരവതരമാണ്. 2016 മുതലുള്ള മുഖ്യമന്ത്രിയുടെ വിദേശ യാത്രകളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കണം. സംസ്ഥാന മുഖ്യമന്ത്രിയുടെ വിവിധ ഓഫീസ് സംവിധാനങ്ങളും ശിവശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്വർണക്കടത്തിൽ പങ്കാളികളായതായി ആരോപണമുണ്ട്. പിണറായി വിജയനെതിരെ ഗൗരവപ്പെട്ട ആരോപണങ്ങൾ വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറി അന്വേഷണം നേരിടുകയാണ് മാന്യമായ രീതി. സ്വർണക്കടത്ത് കേസിൽ കേന്ദ്ര-സംസ്ഥാന ഭരണകൂടത്തിന് കീഴിലുള്ള ഏജൻസികൾ നടത്തുന്ന അന്വേഷണം സുതാര്യമല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. നിരവധി രാഷ്ട്രീയ നേതാക്കൾക്ക് പങ്കുള്ളതായി തെളിഞ്ഞ സ്വർണക്കടത്ത് കേസിനെ സംബന്ധിച്ച് ഇനിയും ധാരാളം രഹസ്യങ്ങൾ പുറത്തു വരാനുണ്ട്. ഇപ്പോഴത്തെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണത്തിലൂടെയാണ് എല്ലാം വ്യക്തമാകുക. ദുരുദ്ദേശപരമാണ് ഈ ആരോപണമെങ്കിൽ അതും അന്വേഷണ പരിധിയിൽ വരണം. അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ കുറ്റകൃത്യമായി മാറിയ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിശദവും സമഗ്രവുമായ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചു കൊണ്ട് നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.