തിരുവനന്തപുരം: മുസ്ലിം വിരുദ്ധ വംശീയ പ്രചരണം നടത്തിയ ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകർക്കും പ്രഭാഷകർക്കുമെതിരെ കേസെടുത്ത് നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐ.ഒ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ പരാതി നൽകി. എസ്‌ഐ.ഒ സംസ്ഥാന സെക്രട്ടറി അനീസ് റഹ്മാൻ ആണ് പരാതി നൽകിയത്. 2022 ഏപ്രിൽ 27 മുതൽ മെയ് 1 വരെ ആണ് തിരുവനന്തപുരം സൗത്ത് ഫോർട്ട് പ്രിയദർശിനി കാമ്പസ്സിൽ വെച്ച് ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അനന്തപുരി ഹിന്ദു മഹാ സമ്മേളനം സംഘടിപ്പിച്ചത്.

സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജ്ജിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സമ്മേളനത്തിലെ മറ്റു പല സെഷനുകളിലും സംസാരിച്ചവർ മുസ്ലിം വിരുദ്ധ വംശീയ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ആ അർത്ഥത്തിൽ ഉള്ള സെഷനുകൾ ആണ് സംഘാടകർ ബോധപൂർവ്വം സമ്മേളനത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്. സമ്മേളനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഒന്നും ഉണ്ടാവാത്തതിനാലാണ് എസ്‌ഐ.ഒ പരാതി നൽകിയത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നത് വരെ ശക്തമായ പോരാട്ടങ്ങളുമായും സമരങ്ങളുമായും എസ്‌ഐ.ഒ തെരുവിൽ തന്നെ ഉണ്ടാകും.