മസ്‌കറ്റ്: പ്രവാചകനെതിരായ പരാമർശത്തിൽ ബിജെപിയുടെ നിലപാട് വിശദീകരിച്ചുള്ള കത്ത് ഒമാനിൽ വിതരണം ചെയ്തത് ഇന്ത്യൻ എംബസി വഴി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിഗ് നൽകിയ കത്താണ് ഒമാൻ ഇന്ത്യൻ എംബസി കമ്യൂണിക്കേഷൻ സെക്രട്ടറിയുടെ ഇ മെയിലിലൂടെ മാധ്യമങ്ങൾക്ക് കൈമാറിയത്. ജൂൺ അഞ്ചിനാണ് ഇ-മെയിലിലൂടെയും മറ്റും മാധ്യമങ്ങൾക്ക് ഈ കത്ത് കൈമാറിയത്.

പ്രവാചക നിന്ദയിൽ ഇന്ത്യ നടപടിയെടുത്തിട്ടുണ്ടുണ്ടെന്ന് അറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കത്ത് നൽകിയത്. എന്നാൽ, രാജ്യത്തിന്റെ ഔദ്യോഗിക വിശദീകരണമെന്ന നിലയിൽ ബിജെപിയുടെ കത്ത് കൈമാറിയ എംബസിയുടെ നടപടിക്കെതിരെ കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. കേന്ദ്ര സർക്കാരും രാഷ്ട്രീയപാർട്ടിയും തമ്മിലുള്ള വ്യത്യാസം എംബസി ഉദ്യോഗസ്ഥർ മറന്നുവെന്ന് ശശിതരൂർ വിമർശിച്ചു.

ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നെന്നും ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്കെതിരാണെന്നുമാണ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് നൽകിയ കത്തിൽ വിശദമാക്കുന്നത്.

പ്രവാചക നിന്ദക്കെതിരെയുള്ള ഒമാന്റെ പ്രതിഷേധം കഴിഞ്ഞ ദിവസം ഇന്ത്യൻ അംബാസഡറെ അധികൃതർ അറിയിച്ചിരുന്നു. ഡിപ്ലോമാറ്റിക് അഫയേഴ്സ് ഫോറിൻ അഫയേഴ്സ് അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിഷേധമറിയിച്ചത്. സംഭവത്തിൽ പ്രതികരണവുമായി ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് അൽ ഖലീലിയും രംഗത്ത് എത്തിയിരുന്നു.