തിരുവനന്തപുരം : മുഖ്യമന്ത്രിയ്‌ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ഒന്നര വർഷം മുൻപ് കേന്ദ്ര ഏജൻസികളായ ഇ.ഡി, കസ്റ്റംസ്, എൻ.ഐ.എ തുടങ്ങിയവർ വിശദമായി അന്വേഷണം നടത്തി യാതൊരു തെളിവുമില്ലെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയിൽ പരിഭ്രാന്തരായവരുടെ ഗൂഢാലോചനയാണ് ഈ ഹീനകൃത്യത്തിനു പിന്നിലെന്നും ഗതാഗത മന്ത്രി ആന്റണി രാജു ആരോപിച്ചു.

സ്വപ്നയുടെ പിന്നാലെ പോയി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റു വാങ്ങിയ യു.ഡി.എഫും ബിജെപിയും അനുഭവത്തിൽ നിന്നും പാഠം പഠിക്കാതെ ബിരിയാണിയുടെ പിന്നാലെയാണ് പോകുന്നതെങ്കിൽ അടുത്ത പാർലമെന്റ് തെരഞ്ഞടുപ്പിൽ ജനം പാഠം പഠിപ്പിക്കുമെന്നും പ്രതിപക്ഷം എത്ര ശ്രമിച്ചാലും സ്വപ്നയുടെ നനഞ്ഞ പടക്കം പൊട്ടില്ലന്നും മന്ത്രി പറഞ്ഞു.