പട്‌ന: ബിഹാറിൽ മതപരിവർത്തന നിരോധന നിയമത്തിന്റെ ആവശ്യമില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. വ്യത്യസ്ത മതവിഭാഗക്കാർ ബിഹാറിൽ സമാധാനപരമാണു ജീവിക്കുന്നതെന്നും നിതീഷ് പറഞ്ഞു. ജാതി സെൻസസ് വിഷയത്തിന് പിന്നാലെ മതപരിവർത്തന നിരോധനം സംബന്ധിച്ചും സഖ്യകക്ഷികൾ തമ്മിൽ ഭിന്നത രൂക്ഷമാകുകയാണ്.

മതപരിവർത്തന നിരോധന നിയമം അനിവാര്യമാണെന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് നിതീഷിന്റെ പ്രതികരണം. ബിഹാറിൽ ഹിന്ദുക്കളെ പ്രലോഭിപ്പിച്ചു വൻതോതിൽ മതപരിവർത്തനം നടത്തുന്നതായി വാർത്തകളും പ്രചരിക്കുന്നുണ്ട്.

ബിഹാറിൽ ബിജെപിയും മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ആശയ ഭിന്നതകൾ തുടർച്ചയായി പരസ്യമാകുന്നുണ്ട്. ജാതി സെൻസസ് വിഷയത്തിൽ വിയോജിപ്പുണ്ടായിരുന്ന ബിജെപിക്കു നിതീഷ് കുമാറിന്റെ കടുംപിടിത്തത്തിനു മുന്നിൽ കീഴടങ്ങേണ്ടി വന്നു.

ജാതി സെൻസസിൽ ബംഗ്ലാദേശികളുടെയും റോഹിങ്ക്യകളുടെയും കണക്കുകൂടി എടുക്കണമെന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ നിർദ്ദേശം നിതീഷ് തള്ളിക്കളഞ്ഞു. ബിഹാറിൽ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരണമെന്ന ബിജെപി ആവശ്യവും നിതീഷ് കുമാർ നിരാകരിച്ചു.