തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയുടെയും തമിഴ് സംവിധായകനും നിർമ്മാതാവുമായ വിഘ്നേഷ് ശിവന്റെയും വിവാഹ ചടങ്ങുകൾ തുടങ്ങി. ഇന്ത്യൻ ചലച്ചിത്രലോകത്തു നിന്ന് പ്രമുഖരായ 30 താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്. ഷാരൂഖ് ഖാൻ, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്. മഹാബലിപുരത്തെ ഷെറാട്ടൺ ഫോർപോയിന്റ്‌സ് റിസോർട്ടിൽ ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങുകൾ നടക്കുന്നത്.

താരവിവാഹത്തോടനുബന്ധിച്ച് മഹാബലിപുരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് തന്നെ റിസോർട്ട് പൂർണ്ണമായി വിവാഹാവശ്യത്തിനായി വിട്ടു നൽകിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പ്രമുഖ സിനിമാ താരങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. സംവിധായകൻ ഗൗതം മേനോന്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രമുഖ ഒ.ടി.ടി പ്‌ളാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സിനവേണ്ടി വിവാഹ രംഗങ്ങൾ ചിത്രീകരിക്കുന്നത്. ഡോക്യുമെന്ററി രീതിയിൽ ഷൂട്ട് ചെയ്ത ശേഷം ഒ.ടി.ടിയിലൂടെ സ്ട്രീം ചെയ്യും.

കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഔദ്യോഗികമായി പുതിയ അദ്ധ്യായം ആരംഭിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ വിഗ്‌നേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.