ദമ്മാം: ജോലിസ്ഥലത്തെ മോശം സാഹചര്യങ്ങൾ മൂലം ദുരിതത്തിലായ ഹൈദരാബാദ് സ്വദേശിനി നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഹൈദരാബാദ് സ്വദേശിനിയായ ഷേഖ് നസിം എന്ന യുവതിയാണ് ദുരിതജീവിതത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങിയത്. ബ്യൂട്ടീഷ്യൻ ജോലിക്കെന്ന് പറഞ്ഞു, ഒരു ഏജന്റ് സൗദിയിലേക്ക് കൊണ്ട് വന്ന നസീമിന് ദമ്മാമിലെ ഒരു വീട്ടിലെ ജോലിക്കാരിയുടെ പണിയാണ് ലഭിച്ചത്. വളരെ വലിയൊരു തുകയാണ് വിസയ്ക്കായി ഏജൻസി നസീമിന്റെ കൈയിൽ നിന്നും വാങ്ങിയിരുന്നത്.

വളരെ ദുരിതപൂർണ്ണമായ സാഹചര്യങ്ങളാണ് ജോലിസ്ഥലത്ത് അവർ നേരിട്ടത്. ആ വലിയ വീട്ടിലെ ജോലി മുഴുവൻ അവർ ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. സമയക്രമമില്ലാത്ത തുടർച്ചയായ ജോലിയും, വിശ്രമം മതിയായി ലഭിക്കാത്തതും അവരുടെ ആരോഗ്യത്തെ ബാധിച്ചു. കെമിക്കൽ കലർന്ന ക്ലീനിങ് സാധനങ്ങളുടെ അമിതഉപയോഗത്താൽ കാലും, കൈയും വ്രണങ്ങൾ ഉണ്ടായി, അവ പൊട്ടി ആകെ ആരോഗ്യപ്രശ്നമായി. വീട്ടുകാരോട് പരാതി പറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടായില്ല.

ഒടുവിൽ സഹികെട്ട് സ്‌പോൺസറിന്റെ വീട് വിട്ട് ഇറങ്ങിയ നസിം ദമ്മാം ഇന്ത്യൻ എംബസ്സി പാസ്സ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തി പരാതി പറഞ്ഞു. അവിടെ ഉള്ളവർ നവയുഗം വൈസ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടനെ വിവരം അറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ മഞ്ജു നസീമിനോട് സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി. തുടർന്ന് നവയുഗം ജീവകാരുണ്യപ്രവർത്തകർ വിവരം സൗദി പൊലീസിൽ അറിയിക്കുകയും, പൊലീസ് സ്റ്റേഷനിൽ നസീമിനെ ഹാജരാക്കുകയും ചെയ്തു. പൊലീസ് കേസ് ഫയൽ ചെയ്ത ശേഷം, നസീമിനെ ജാമ്യത്തിൽ മഞ്ജുവിന്റെ കൂടെ അയച്ചു. തുടർന്ന് രണ്ടു മാസക്കാലത്തോളം നസീമ മഞ്ജുവിന്റെയും, നവയുഗം കുടുംബവേദി സെക്രെട്ടറി ശരണ്യ ഷിബുവിന്റെയും വീടുകളിലാണ് താമസിച്ചത്.

നവയുഗം ജീവകാരുണ്യപ്രവർത്തകർ നസീമിനെ കൊണ്ടുവന്ന നാട്ടിലെ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തി. ഏജൻസിക്കെതിരെ നിയമപരമായ നടപടികളിലേക്ക് നീങ്ങുമെന്ന നവയുഗം പ്രവർത്തകരുടെ ശക്തമായ മുന്നറിയിപ്പിനെത്തുടർന്ന്, ഏജൻസി നസീമിന്റെ സ്പോൺസറുടെ കൈയിൽ നിന്നും വാങ്ങിയ വിസയുടെ പൈസ തിരിച്ചു കൊടുക്കാനും, എക്‌സിറ്റ് അടിച്ചു നാട്ടിൽ എത്തിക്കാനും വേണ്ട ചെലവ് എടുക്കുവാനും തയ്യാറായി.ഏജൻസിക്ക് നൽകിയ പൈസ തിരികെ കിട്ടിയ സ്‌പോൺസർ ഫൈനൽ എക്‌സിറ്റ് അടിച്ചു നൽകി. മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ച്, ഹൈദരാബാദ് അസ്സോസിയേഷൻ നസീമിന്റെ വിമാനടിക്കറ്റ് സ്‌പോൺസർ ചെയ്തു. അസ്സോസിയേഷൻ ഭാരവാഹി മിർസ ബൈഗ് ടിക്കറ്റ് നസീമിന് കൈമാറി.

അങ്ങനെ നിയമനടപടികൾ പൂർത്തിയായപ്പോൾ, സഹായിച്ചവർക്കൊക്കെ നന്ദി പറഞ്ഞു നസീം നാട്ടിലേയ്ക്ക് പറന്നു.