ദോഹ: ബിജെപി വക്താവ് നുപൂർ ശർമയുടെ പ്രവാചകനെതിരെയുള്ള പരാമർശം പ്രതിഷേധാർഹമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം. ഇത്തരം നിരുത്തവാദപരമായ പരാമർശങ്ങൾ പൊതുസമൂഹത്തിൽ ഉണ്ടാകുന്ന ആഘാതം വളരെ വലുതാണ്. ബിജെപിയുടെ ഒരു സമുന്നത നേതാവിൽ നിന്ന് ഇത്തരത്തിലൊരു പരാമർശം ഉണ്ടായിട്ടും വേണ്ടവിധത്തിൽ നടപടിയെടുക്കാൻ ബിജെപി നേതൃത്വം തയ്യാറാകാത്തത് ദുരൂഹത വർദ്ദിപ്പിക്കുന്നു.

ലോക മുസ്ലിംകൾ സ്വന്തത്തേക്കാളേറെ സ്‌നേഹിക്കുന്ന പ്രവാചകനെതിരെ മോശമായ പരാമർശം നടത്തിയതിനെതിരെ അറബ് ലോകവും മറ്റു ലോക രാഷ്ട്രങ്ങളും രംഗത്ത് വന്ന സാഹചര്യത്തിൽ ഇന്ത്യക്കാരായ പ്രവാസികൾ തങ്ങളുടെ നിലനില്പിൽ ആശങ്കാകുലരാണ്. ഇതിന്റെ പേരിൽ ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുന്ന നടപടികളിലേക്ക് വരെ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്ഘടനയെ സാരമായി ബാധിച്ചേക്കാം.

ലോകത്തിന്റെ സ്പന്ദനം തിരിച്ചറിയാത്ത ചിലർ നടത്തുന്ന പരാമർശങ്ങൾ വഴി ഇന്ത്യയെ ലോകത്തിനു മുന്നിൽ അപകീർത്തിപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നതെന്നും ഇത്തരത്തിൽ മതവിദ്വേഷം പരത്തുന്നവർക്കെതിരിൽ ശക്തമായ നടപടി കൈക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും സോഷ്യൽ ഫോറം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു