മുൻഭാര്യയുടെ വിവാഹവേദിയിലേക്ക് ഓടിക്കയറി ഇൻസ്റ്റാഗ്രാം ലൈവ് ചെയ്യുക എന്ന അത്യപൂർവ്വ സംഭവം അരങ്ങേറിയത് പോപ്പ് സ്റ്റാർ ബ്രിട്നി സ്പിയേഴ്സിന്റെ വിവാഹ വേദിയിലായിരുന്നു. കഴിഞ്ഞ കുറേക്കാലമായി പ്രണയത്തിലായ ബ്രിട്നിയും കാമുകൻ സാം അസ്ഘാരിയും തമ്മിലുള്ള വിവാഹവേദിയിലേക്കായിരുന്നു ബ്രിട്നിയുടെ മുൻ ഭർത്താവ് ജേസൻ അലക്സാണ്ടർ ഇരച്ചുകയറിയത്. വിവാഹം നടക്കുന്ന വീടിനുള്ളിൽ കടക്കുന്നതിനു മുൻപ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴടക്കി.

കാലിഫോർണീയയിലെ തൗസൻഡ് ഓക്ക്സിലുള്ള ബ്രിട്നിയുടെ അത്യാഡംബര സൗധത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അവിടെ എത്തി പിടിക്കപ്പെടുന്നതിനു മുൻപ് ഇയാൾ ഇൻസ്റ്റാഗ്രാമിൽ ലൈവ് ആയി സ്ട്രീം ചെയ്തിരുന്നു. 40 കാരനായ ജേസൻ അലക്സാണ്ടർ ഒരു മുൾവേലി ചാടിക്കടന്ന്, പാറക്കെട്ടുകൾ നിറഞ്ഞ ഒരു ചെറിയ കുന്നിറങ്ങിയാണ് വിവാഹവേദിക്കരികിൽ എത്തിയത്. താൻ ആരെന്ന് വെളിപ്പെടുത്തിക്കൊണ്ടു തന്നെയായിരുന്നു അയാൾ അവിടെക്ക് എത്തിയത്.

ബ്രിട്നി ക്ഷണിച്ചിട്ടാണ് താൻ ഇവിടെ എത്തിയതെന്ന ആദ്യം പറഞ്ഞ ഇയാൾ, ബ്രിട്നി തന്റെ ആദ്യത്തെ ഭാര്യയാണെന്നും ഒരേയൊരു ഭാര്യയാണെന്നും ഈ വിവാഹം തകർക്കാനാണ് താൻ ഇവിടെ എത്തിയതെന്നും പിന്നീട് പറഞ്ഞു. ഒരിക്കൽ ഇയാൾ പിങ്ക് റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച വിവാഹ മണ്ഡപത്തിനടുത്തുവരെ എത്തുകയും ചെയ്തു. എന്നാൽ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടയുകയായിരുന്നു. ഇയാളെ അടിച്ചു താഴെ വീഴ്‌ത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട് കൈയാമ വെച്ച് ഇയാളെ വേദിയുടെ പുറത്തെത്തിക്കുകയായിരുന്നു.

ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണെന്ന് പിന്നീട് സ്പിയേഴ്സിന്റെ അറ്റോർണി പറഞ്ഞതായി പേജ് സിക്സ് റിപ്പോർട്ട് ചെയ്യുന്നു. നിയമമനുസരിച്ച് ലഭിക്കാവുന്നതിന്റെ പരമാവധി ശിക്ഷ ജേസൻ അലക്സാണ്ടർക്ക് വാങ്ങിക്കൊടുക്കാൻ താൻ ഷെറിഫിന്റെ ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അറ്റോർണി വ്യക്തമാക്കി. അലക്സാണ്ടർ വേലി കയറുന്നതിന്റെയും പിന്നെ പാറക്കെട്ടുകളിലൂടെ ബ്രിട്നിയുടെ വീടിനടുത്തെത്തുന്നതിന്റെയുമെല്ലാം പത്ത് മിനിറ്റ് നീണ്ടു നിൽക്കുന്ന ലൈവ് വീഡിയോ ഇൻസ്റ്റാഗ്രാമിലുണ്ട്.

വിവാഹപന്തലിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരുന്നവരോടെല്ലാം അയാൾ താൻ ആരാണെന്ന് പറയുന്നുണ്ട്. പിന്നീടാണ് ബ്രിട്നി എവിടെ എന്ന് ചോദിച്ച് വീടിനകത്തേക്ക് കടക്കാൻ ശ്രമിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ഉടനടികീഴ്പ്പെടുത്തി പൊലീസിനു കൈമാറുകയായിരുന്നു. അതിക്രമിച്ചു കടന്നു എന്ന ക്രിമിനൽ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്. കഴിഞ്ഞ 13 മാസത്തിനുള്ളിൽ ഇയാൾക്കെതിരെ വരുന്ന മൂന്നാമത്തെ കേസാണിത്. നേരത്തേ മദ്യപിച്ച് വാഹനമോടിച്ചതിനും അതുപോലെ വിമാനത്താവളത്തിലെ സുരക്ഷ ലംഘിച്ചതിനും ഇയാളുടെ പേരിൽ കേസുണ്ട്.

ആറുവർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ബ്രിട്നി അസ്ഘാരിയെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ 13 വർഷമായി ലീഗൽ കൺസർവേറ്റർഷിപ്പ് പ്രകാരം പിതാവിന്റെ മേൽനോട്ടത്തിൽ ജീവിച്ചിരുന്ന ബ്രിട്നി നീണ്ട നിയമനടപടികൾക്കൊടുവിലായിരുന്നു അതിൽ നിന്നും മോചിതയായത്. ഇതിനു മുൻപ് രണ്ടു വിവാഹങ്ങൽ ബ്രിട്നി കഴിച്ചിട്ടുണ്ട്. 2004 ൽ ആയിരുന്നു തന്റെ ബാല്യകാല സുഹൃത്തായിരുന്ന ജേസൻ അലക്സാണ്ടറെ ബ്രിട്നി വിവാഹം കഴിച്ചത്. പക്ഷെ ഏതാനും ദിവസം മാത്രമെ ആ ബന്ധം നീണ്ടുനിന്നുള്ളു. പിന്നീട് കെവിൻ ഫെഡെർലിനുമായുള്ള വിവാഹം നടന്നു, ഈ വിവാഹത്തിൽ ബ്രിട്നിക്ക് രണ്ട് കുട്ടികളുമുണ്ട്.