ഇരിട്ടി: പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള പ്രദേശത്തെ പ്രകൃതി ഭംഗി പ്രയോജനപ്പെടുത്തി മികച്ച വിനോദ സഞ്ചാര മേഖലയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജല വിഭവ വകുപ്പിന്റെ സംഘം പദ്ധതി പ്രദേശത്ത് പരിശോധന നടത്തി. ഇപ്പോൾ നടക്കുന്ന വികസ പ്രവർത്തനങ്ങൾക്കൊപ്പം കൂടുതൽ പ്രദേശങ്ങളെകൂടി പദ്ധതിയുടെ ഭാഗമാക്കുന്നതിനാണ് സാധ്യതകൾപരിശോധിച്ചത്.

ടൂറിസം ഡപ്യൂട്ടി ഡയരക്ടർ കെ.എസ്. ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം പഴശ്ശി പദ്ധതി, അകംതുരുത്ത് ദ്വീപ്, വള്ള്യാട് സഞ്ജീവനീ പർക്ക് എന്നിവടിങ്ങളിലാണ് പരിശോധന നടത്തിയത്. പഴശ്ശി പദ്ധതി പ്രദേശത്ത് ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി പുതിയ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പാർക്കുകളിൽ ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്.

പദ്ധതി പ്രദേശത്തെ അവശേഷിക്കുന്ന ഭാഗങ്ങൾ കൂടി വികസിപ്പിക്കുന്നതിന് 85 ലക്ഷം രൂപയുടെ പ്രവ്യത്തിക്ക് വകുപ്പ് ഭരണാനുമതി നല്കിയിട്ടുണ്ട്. പദ്ധതി പ്രദേശത്തിന്റെ ഭാഗമായ പടിയൂർ ടൂറിസം പദ്ധതിക്ക് റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ചുകോടി രൂപയുടെ ഭരണാനുമതി നൽകി കഴിഞ്ഞു. പ്രവ്യത്തികളുടെ രൂപ രേഖ തെയ്യാറാക്കി ടെണ്ടർ നടപടിയിലേക്ക് കടക്കുന്ന പ്രവ്യത്തി പുരോഗമിക്കുകയാണ്.

പതിനഞ്ച് ഏക്കറിലേറെ വരുന്ന വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന അകംതുരുത്തി ദ്വീപ് സഞ്ചാരികളെ ആകർഷിക്കുന്ന ഹരിതാഭമായ പ്രദേശമാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി ജന പെരുമാറ്റ മില്ലാത്ത പ്രദേശം അപൂർവ്വമായ സസ്യജാലങ്ങളാലും വൃക്ഷങ്ങളാലും പക്ഷിജാലങ്ങളാലും വവ്വാലുകളാലും സമ്പന്നമാണ്. പ്രദേശത്തിന്റെ തനിമ നഷ്ടപ്പെടാതെ നിരവധി പദ്ധതികൾ ഇവിടെ നടപ്പിലാക്കാനാകും. വർഷങ്ങൾക്ക് മുൻപ് തന്നെ അകംതുരുത്തിനെ വികസിപ്പിക്കാനുള്ള നിരവധി നിർദ്ദേശങ്ങൾ വകുപ്പിന്റെ പരിഗണനയ്ക്കായി സർമർപ്പിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.

2002 ൽ ജലവിഭവ വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന് വിട്ടുനൽകിയ ഭൂമിയിൽ ആരംഭിച്ചതാണ് വള്ള്യാട്ടെ സഞ്ജീവനി വനം. അപൂർവ്വയിനം ഔഷധ സസ്യങ്ങൾ അന്ന് ഇവിടെ നാട്ടു പിടിപ്പിക്കപ്പെട്ടെങ്കിലും രണ്ടു വർഷത്തിന് ശേഷം ഇത് അധികൃതർ അവഗണിക്കുകയാണ് ഉണ്ടായതു. പരിപാലനമില്ലാതെ ഇവിടം കാടുകയറുകയും സാമൂഹ്യദ്രോഹികളുടെ കടന്നുകയറ്റത്തിൽ ഇവിടം നാശോന്മുഖമാവുകയും ചെയ്തു. എന്നാൽ അന്ന് നട്ടുപിടിപ്പിച്ച പല മരങ്ങളും പടർന്നു പന്തലിക്കുകയും ഒരു നഗരവനമായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു.

മൂന്ന് വശവും പഴശ്ശി ജലാശയത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പതിനഞ്ച് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന ഇവിടം പ്രദേശിക ടൂറിസം പദ്ധതിയുടെ ഭാഗമായി വനം വകുപ്പുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടമായി വനം വകുപ്പിൽ നിന്നും 45 ലക്ഷംരൂപ അനുവദിച്ചുകിട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതുംകൂടി കണ്ടുകൊണ്ടുള്ള വിശാലമായ മാസ്റ്റർ പ്ലാനാണ് ടൂറിസം വകുപ്പിന്റെ പരിഗണനിയിലുള്ളത്.

പഴശ്ശിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന എല്ലാ വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കും ജല വിഭവ വകുപ്പിന്റെ അനുമതിയും അംഗീകാരവും ആവശ്യമാണ്. സന്ദര്യ വത്ക്കരണത്തിനായി പദ്ധതി പ്രദേശം വിട്ടുകിട്ടുന്നതിന് സംയുക്ത പരിശോധനയ്ക്കുള്ള നടപടികളാണ് വിനോദ സഞ്ചാര വകുപ്പ് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഉന്നത തല സംഘത്തിന്റെ പരിശോധന.

പഴശ്ശി പദ്ധതിയോട് ചേർന്ന് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് ഇതുവരെ അനുകൂലമായ മറുപടി ജല വിഭവ വകുപ്പിൽ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത, അംഗങ്ങളായ കെ. മുരളീധരൻ, പി.രഘു, ഡി ടി പി സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ , ടൂറിസം ഇൻഫർമേഷൻ ഒഫീസർ കെ.സി. ശ്രീനിവാസൻ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പി.ആർ. ശരത്കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.