ബ്ലിൻ എയർപോർട്ടിൽ യാത്രക്കാർക്കുള്ള പ്ലാറ്റിനം സർവ്വീസ് സമ്പ്രദായം താത്ക്കാലികമായി നിർത്തലാക്കി. എയർപോർട്ടിൽ ആഴ്ച അവസാനങ്ങളിലടക്കം വലിയ തോതിൽ തിരക്ക് വരുന്നതും ഇത് നിയന്ത്രിക്കാനാവാതെ നിരവധി യാത്രക്കാർക്ക് വിമാനം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

കൂടുതൽ ആളുകളെ ചെക്ക് ഇൻ, സെക്യൂരിറ്റി ചെക്കിങ് മേഖലകളിലേയ്ക്ക് നിയോഗിച്ച് തിരക്ക് കുറയ്ക്കുന്നതിനും ആളുകൾക്ക് വിമാനം നഷ്ടമാകുന്ന സാഹചര്യം ഇനി ഉണ്ടാകാതിരിക്കുന്നതിനുമാണ് നടപടി. 295 യൂറോ ഫീസടച്ച് ബുക്ക് ചെയ്യുന്നവർക്ക് വിഐപി പരിഗണനയിൽ സേവനങ്ങൾ ലഭിക്കുന്ന സ്‌കീമാണ് പ്ലാറ്റിനം സർവ്വീസ്.

ഇങ്ങനെ എയർപോർട്ടിലെത്തുന്ന യാത്രക്കാർക്ക് പ്രൈവറ്റ് ചെക്ക് ഇൻ ചെയ്യുന്നതിനുള്ള സൗകര്യവും ലക്ഷ്വറി സ്യൂട്ടുകളിൽ വിശ്രമവും ഒപ്പം ആഡംബംര ബിഎംഡബ്യു കാറിൽ എയർ ക്രാഫ്റ്റിന് സമീപത്തെത്താനുള്ള സൗകര്യവും ലഭിച്ചിരുന്നു.

കൂടുതൽ ആളുകൾ ഈ സർവ്വീസ് തെരഞ്ഞെടുക്കുന്നതോടെ കൂടുതൽ ജീവനക്കാരെ ഇവിടെ നിയമിക്കേണ്ടി വരികയും അത് മറ്റ് യാത്രക്കാരുടെ ക്യൂ വർദ്ധിക്കാൻ ഇടയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് താത്ക്കാലികമായി ഇത് നിർത്തലാക്കാൻ തീരുമാനിച്ചത്.