ബംഗളൂരു: വിവാദ പരാമർശത്തിൽ മുൻ ബിജെപി വക്താവ് നൂപുർ ശർമയുടെ കോലം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. കർണാടകയിലെ ബെലഗാവിയിലാണ് നൂപുർ ശർമയുടെ കോലം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.

കോലത്തിൽ നൂപുർ ശർമയുടെ ചിത്രങ്ങളും പതിച്ചിരുന്നു. ബെലഗാവിയിലെ പഴയ പച്ചക്കറി മാർക്കറ്റിന് സമീപം ഫോർട്ട് റോഡിലാണ് കോലം കണ്ടെത്തിയത്. രാവിലെ നാട്ടുകാർ കോലം ശ്രദ്ധയിൽപ്പെട്ടതിന് തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി കോലം അഴിച്ചുമാറ്റി. സംഭവത്തിൽ അന്വേഷണം വേണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂർ രംഗത്ത് വന്നു. വിവാദങ്ങളിൽ എന്നും ഇടപെട്ടിട്ടുള്ള സാധ്വി പ്രജ്ഞ വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് നൂപുർ ശർമ്മയ്ക്ക് പിന്തുണ എന്ന രീതിയിൽ ട്വീറ്റ് ചെയ്തത്. ''സത്യം പറയുന്നത് കലാപമാണെങ്കിൽ, ആ നാണയത്തിൽ ഞാനും ഒരു വിമതയാണ്'' - എന്നായിരുന്നു ട്വീറ്റ്. തുടർന്ന് മാധ്യമങ്ങളെ കണ്ട ബിജെപി എംപി വിഷയത്തിൽ പ്രതികരിച്ചു.

സത്യം പറയുമ്പോൾ ന്യൂനപക്ഷ സമുദായം പ്രശ്‌നമുണ്ടാക്കുകയാണ്. ഹിന്ദുക്കൾ തങ്ങളുടെ മതത്തിന് നേരെയുള്ള എല്ലാ ചെറുത്തുനിൽപ്പുകൾ സഹിക്കുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയാണെന്നും സാധ്വി പ്രജ്ഞ പറഞ്ഞു. 'ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും സനാതന ധർമ്മം ഇവിടെ നിലനിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്, ഞങ്ങൾ അത് ചെയ്യും' - ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂർ പറഞ്ഞു.