ഹൈദരാബാദ് : തെലങ്കാനയിലെ സിദ്ദിപേട്ടിൽ ഇലക്ട്രിക് സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് വീട് കത്തിനശച്ചു. ബുധനാഴ്ച പുലർച്ചെയാണ് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഉടമയുടെ വീടിന് സമീപമാണ് സ്‌കൂട്ടർ പാർക്ക് ചെയ്തിരുന്നത്.

സ്‌കൂട്ടർ ഉടമയായ ലക്ഷ്മി നാരായണ തന്റെ വീടിന് മുന്നിൽ സ്‌കൂട്ടർ ചാർജ് ചെയ്യുകയായിരുന്നു. ഇതിനിടെ വാഹനം പൊട്ടിത്തെറിച്ച് വീട്ടിലേക്കും തീ പടർന്നുപിടിച്ചു. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. നാല് മാസം മുൻപ് വാങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറായിരുന്നു ഇത്. പൊട്ടിത്തെറിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമാക്കിട്ടില്ല.

ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്ത സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ, അശ്രദ്ധ കാണിക്കുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി താക്കീത് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ വിദഗ്ധ സംഘത്തെ രൂപീകരിക്കുകയും, സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം കേടായ എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാൻ ഉത്തരവിടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.