ന്യൂഡൽഹി: മുപ്പത്തിയെട്ടാം വയസ്സിൽ കോമൺവെൽത്ത് ഗെയിംസ് ബോക്‌സിങ് സ്വർണം നിലനിർത്താൻ ഇതിഹാസ താരം മേരികോം ഇത്തവണയുണ്ടാവില്ല. അടുത്തമാസം നടക്കുന്ന ബിർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കാൻ നടക്കുന്ന ട്രയൽസിനിടെ പരിക്കേറ്റതാണ് ആറു തവണ ലോകചാമ്പ്യനായ മണിപ്പൂരുകാരിക്ക് തിരിച്ചടിയായത്.

48 കിലോ വിഭാഗത്തിൽ ഹരിയാനയുടെ നീതുവിനെതിരെ മത്സരിക്കാനിറങ്ങിയ മേരികോമിന് ആദ്യ റൗണ്ടിൽ തന്നെ പരിക്കേൽക്കുകയായിരുന്നു. ഇടതുകാൽമുട്ടിന് പരിക്കേറ്റ് റിങ്ങിൽ ഇരുന്നുപോയ താരം പ്രഥമ ശുശ്രൂഷക്ക് ശേഷം തിരിച്ചുവന്നെങ്കിലും വേദന കടുത്തതോടെ മത്സരം തുടരാനായില്ല.

2018 ആഗസ്റ്റിൽ ആസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന മേളയിൽ സ്വർണം നേടിയ മേരികോം കോമൺവെൽത്ത് ഗെയിംസിൽ ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിത ബോക്‌സറായിരുന്നു. ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി മേരികോം ലോകചാമ്പ്യൻഷിപ്പിൽനിന്നും വിട്ടുനിന്നിരുന്നു. അതിനിടെയാണ് പരിക്ക് വില്ലൻ വേഷം കെട്ടിയെത്തിയത്.

അതേസമയം, ലോകചാമ്പ്യൻ നിഖാത് സരീൻ, ഒളിമ്പിക് വെങ്കല മെഡൽ ജേത്രി ലവ്‌ലീന ബോർഗോഹെയ്ൻ തുടങ്ങിയവർ കോമൺവെൽത്ത് യോഗ്യതക്കരികെയെത്തി.