പട്‌ന: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇത്തവണയും മലക്കം മറിയുമോയെന്ന് ബിജെപിക്ക് ആശങ്കയേറുന്നു. കഴിഞ്ഞ രണ്ടു രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും നിതീഷ് കുമാർ എതിർചേരിയിലെ രാഷ്ട്രപതി സ്ഥാനാർത്ഥിയെയാണു പിന്തുണച്ചത് എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

നിതീഷ് കുമാറിനു രാഷ്ട്രപതിയാകാനുള്ള സർവ യോഗ്യതയുമുണ്ടെന്ന ജനതാദൾ (യു) മന്ത്രി ശ്രാവൺ കുമാറിന്റെ പ്രസ്താവന ബിജെപി നേതൃത്വത്തെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിയിട്ടുമുണ്ട്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിക്കു പിന്തുണ അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ മാസം പട്‌നയിലെത്തി നിതീഷ് കുമാറുമായി ചർച്ച നടത്തിയിരുന്നെങ്കിലും വ്യക്തമായ ഉറപ്പൊന്നും ലഭിച്ചിരുന്നില്ല.

കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പു കാലത്തു (2017) മഹാസഖ്യത്തിലായിരുന്ന നിതീഷ് കുമാർ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന റാം നാഥ് കോവിന്ദിനെയാണു പിന്തുണച്ചത്. ബിഹാർ ഗവർണർ പദവിയിൽനിന്നു രാഷ്ട്രപതി സ്ഥാനാർത്ഥിയായതിനാലാണ് പിന്തുണയെന്നായിരുന്നു നിതീഷിന്റെ ന്യായീകരണം. ഏറെ വൈകാതെ നിതീഷ് മഹാസഖ്യം വിട്ടു എൻഡിഎയിലെത്തുകയും ചെയ്തു.

അതിനു മുൻപു 2012ൽ എൻഡിഎ മുന്നണിയിലായിരുന്ന നിതീഷ് കുമാർ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന പ്രണബ് മുഖർജിയെയാണു പിന്തുണച്ചത്. നിതീഷ് എൻഡിഎ വിട്ടു മഹാസഖ്യത്തിലേക്കു ചേക്കേറാനും കാലതാമസമുണ്ടായില്ല.

ഇത്തവണയും രാഷ്ട്രപതി തിരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റെ കൂറുമാറ്റത്തിനു വേദിയാകുമോയെന്നാണ് ബിജെപി ഉറ്റുനോക്കുന്നത്. അടുത്ത കാലത്തായി വിവാദ വിഷയങ്ങളിൽ ബിജെപിയുടെ നിലപാടുകൾക്കു വിരുദ്ധമായാണു നിതീഷിന്റെ നീക്കങ്ങൾ. ജാതി സെൻസസ് വിഷയത്തിൽ ബിജെപിയെ മുട്ടുകുത്തിച്ച നിതീഷ് കുമാർ ജനസംഖ്യാ നിയന്ത്രണം, മതപരിവർത്തന നിരോധനം എന്നീ വിഷയങ്ങളിൽ നിയമ നിർമ്മാണം വേണമെന്ന ബിജെപി നിലപാടിനെ പരസ്യമായി ഖണ്ഡിക്കുകയും ചെയ്തു.