- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസ്: ചോദ്യം ചെയ്യലിന് 23ന് ഹാജരാകണം; സോണിയയ്ക്ക് വീണ്ടും ഇഡി നോട്ടിസ്
ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ജൂൺ 23ന് ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്.
ഈ ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്നായിരുന്നു ഇഡിയുടെ ആദ്യ സമൻസ്. എന്നാൽ, ജൂൺ രണ്ടിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഐസലേഷനിലാണെന്നും ചോദ്യം ചെയ്യലിനു ഹാജരാകാൻ മൂന്ന് ആഴ്ച സാവകാശം നൽകണമെന്നും ആവശ്യപ്പെട്ട് സോണിയ ഇഡിക്കു കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് ഇഡി സമയപരിധി നീട്ടി നൽകിയത്.
ചോദ്യം ചെയ്യലിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഇഡി നോട്ടിസ് നൽകിയിട്ടുണ്ട്. ജൂൺ 13ന് ഹാജരാകാനാണ് രാഹുലിനുള്ള നിർദ്ദേശം. ചോദ്യംചെയ്യലിനായി പാർട്ടി ആസ്ഥാനത്തുനിന്ന് ഇഡി ഓഫിസിലേക്കു നടന്നുപോകാനാണു രാഹുലിന്റെ തീരുമാനം. രാഹുലിനൊപ്പം എംപിമാരും പാർട്ടി നേതാക്കളും അണിനിരക്കും. ഇഡി നടപടി ഉയർത്തിക്കാട്ടി കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
നാഷനൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡിയുടെ അന്വേഷണം. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മോട്ടിലാൽ വോറ, ഓസ്‌കർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിത്രോഡ എന്നിവർക്കെതിരെ 2012ൽ ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ നേരത്തേ ചോദ്യം ചെയ്തിരുന്നു.




