കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിൽ, താമസ നിയമ ലംഘകരെ കണ്ടെത്താനായി നടത്തുന്ന വ്യാപക പരിശോധന. കഴിഞ്ഞ ദിവസം സൂര്യോദയത്തിന് മുമ്പ് ബിനൈദ് അൽ ഖർ ഏരിയയിൽ നടത്തിയ പരിശോധനയിൽ നൂറോളം പ്രവാസികളെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമമായ അൽ റായ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പബ്ലിക് സെക്യൂരിറ്റി സെക്ടറാണ് പരിശോധന നടത്തിയത്.

പിടിയിലായ പ്രവാസികളിൽ തൊഴിൽ നിയമ ലംഘകരും താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവരും വിവിധ കേസുകളിൽ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നവരും ഉൾപ്പെടുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ ഗവർണറേറ്റുകളിലും ഇത്തരം അപ്രതീക്ഷിത പരിശോധനകൾ തുടരുന്നുവെന്ന് സെക്യൂരിറ്റി വൃത്തങ്ങൾ അറിയിച്ചു. വിവിധ രാജ്യക്കാരായ പ്രവാസി നിയമലംഘകരെയും കേസുകളിൽ പിടിയിലാവാനുള്ളവരെയും ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകൾ.

കുവൈത്ത് ആഭ്യന്തര മന്ത്രി, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, പബ്ലിക് സെക്യൂരിറ്റി സെക്ടർ അണ്ടർ സെക്രട്ടറി എന്നിവരുടെ നിർദേശപ്രകാരമാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്. സമൂഹത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയർത്തുന്ന അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടികൂടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അറിയിച്ചിട്ടുണ്ട്.