മേരിക്കയിൽ അടുത്തിയിടെ നടത്തിയ പഠനത്തിൽ വെളിപ്പെട്ടത്, ഒരു ദശകത്തിന് മുൻപ് ഉണ്ടായിരുന്നതിലും നേരത്തേ ഇപ്പോൾ പെൺകുട്ടികളിൽ ആർത്തവം ആരംഭിക്കുന്നു എന്നാണ്. ഇത് ഈ പെൺകുട്ടികളുടെ ഭാവിജീവിതത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നും പഠനം നടത്തിയ വിദഗ്ദ്ധർ പറയുന്നു. പത്ത് വർഷങ്ങൾക്ക് മുൻപ്, ആർത്തവം ആരംഭിക്കാനുള്ള ശരാശരി പ്രായം 12 വയസായിരുന്നെങ്കിൽ ഇന്നത് 10 ആയി കുറഞ്ഞിരിക്കുന്നു എന്നാണ് പഠനത്തിൽ വെളിപ്പെട്ടത്. ഇത് മാനസികമായും ശാരീരികമായും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

കുട്ടികളിൽ വർദ്ധിച്ചു വരുന്ന അമിതവണ്ണം തന്നെയാണ് ഇതിന് പ്രധാന കാരണം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ശരിയായ രീതിയിൽ അല്ലാത്ത ഭക്ഷണക്രമങ്ങളും ഇതിന് വലിയൊരു പരിധിവരെ ഉത്തരവാദികളാണെന്ന് അവർ പറയുന്നു. അതേസമയം പ്രക്ഷുബ്ദമായ കുടുംബാന്തരീക്ഷവും ഇതിനു കാരണമായേക്കാം എന്ന് പറയുന്നവരുണ്ട്.

മാത്രമല്ല, ദീർഘകാലമായി നടന്നു വരുന്ന മറ്റൊരു പഠനത്തിൽ നേരത്തേ ആർത്തവം ആരംഭിക്കുന്നതും കാൻസറും തമ്മിൽ ഒരു ബന്ധം കണ്ടെത്തുകയുണ്ടായി. പതിവിലും നേരത്തേ ആർത്തവം ആരംഭിച്ചവരിൽ കാൻസറിനുള്ള സാധ്യത കൂടുതലാണെന്നായിരുന്നു പഠന റിപ്പോർട്ട്. എന്നാൽ, ഇതിനുള്ള കാരണം ഇനിയും വിശദീകരിക്കാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. 1990 കളുടെ മദ്ധ്യത്തിൽ 17,000 പെൺകുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ട് ഒരു പൊതുജനാരോഗ്യ വിദഗ്ധയായ ഡോ. മേഴ്സിയ ഹെർമൻ ആയിരുന്നു ഈ പഠനത്തിന് തുടക്കം കുറിച്ചത്.

അമിതവണ്ണം തന്നെയാണ്‌നേരത്തേയുള്ള ആർത്തവത്തിനു പ്രധാന കാരണം എന്നാണ് ഏറ്റവും പുതിയ പഠനത്തിനൊടുവിൽ ഡോ. പൗള ന്യുട്ടൺ പറയുന്നത്. ഫാറ്റ് കോശങ്ങൾക്ക് ചില ഹോർമോണൽ സവിശേഷതകൾ ഉണ്ടെന്ന് അവർ പറയുന്നു. അമിതവണ്ണമുള്ള പെൺകുട്ടികളുടെ ശരീർത്തിൽ ഫാറ്റ് കോശങ്ങൾ ധാരാളമായി കാണപ്പെടും. അവ പുറത്തുവിടുന്ന ചില രാസപദാർത്ഥങ്ങളാണ് നേരത്തേയുള്ള ആർത്തവത്തിന് കാരണമെന്നും അവർ പറയുന്നു.

ഈ രാസപദാർത്ഥങ്ങൾ രക്തത്തിലേക്ക് ചേർന്ന് കഴിയുമ്പോൾ അവ അണ്ഡങ്ങളെ ഒരുമിച്ച് കൂട്ടാൻ ആരംഭിക്കും ഇത് ഈസ്ട്രോജൻ ഉദ്പാദിപ്പിക്കും. ഈസ്ട്രോജൻ ആണ് മാറിടത്തിന്റെ വളർച്ച ഉൾപ്പടെയുള്ള ശാരീരിക മാറ്റങ്ങൾക്ക് പ്രചോദനമാകുന്നത്. കോവിഡ് കാലത്തെ നേരത്തേ ആർത്തവം ഉണ്ടാകുന്ന സംഭവങ്ങൾ വർദ്ധിച്ചിരുന്നു. ഈ പുതിയ സിദ്ധാന്തം അതിനെയും വിശദീകരിക്കുന്നു. കായിക അദ്ധ്വാനം കുറവായ നാളുകളിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കൂടുതലായിരിക്കും. സ്വാഭാവികമായും ഫാറ്റ് കോശങ്ങൾ പുറപ്പെടുവിക്കുന്ന രാസപദാർത്ഥങ്ങളുടെ തോതും വർദ്ധിക്കും.

അതുപോലെ ആരോഗ്യകരമല്ലാത്ത ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡും ഇതിന് വലിയൊരു പരിധിവരെ കാരണമാകുന്നുണ്ട് എന്നും ഡോ. ന്യുട്ടൻ പറയുന്നു. കോവിഡ് കാലത്ത് വീടുകളിൽ തുടർന്നപ്പോൾ ഉണ്ടായ ക്രമരഹിതമായ ഭക്ഷണ ശീലവും കുട്ടികളീൽ അമിത വണ്ണം വർദ്ധിക്കാൻ ഇടയാക്കി. ഇത് സ്വാഭാവികമായും നേരത്തേയുള്ള ആർത്തവത്തിനു കാരണവുമായി, അവർ പറയുന്നു.