ഭുവനേശ്വർ: ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഡീസൽ ടാങ്കർ പുഴയിലേക്ക് മറിഞ്ഞ് പൊട്ടിത്തെറിച്ച് നാലു മരണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡിഷയിലെ നയാഘട്ട് ജില്ലയിൽ ശനിയാഴ്ച പുലർച്ചെ 1.45ഓടു കൂടിയാണ് സംഭവം. ലോറി ഡ്രൈവർ പങ്കജ് നയക്, സഹായി സമീർ നായക്, ദിപു ഖത്വ, ചന്ദൻ ഖത്വ എന്നിവരാണ് മരിച്ചത്.

പരദിപിലെ ഇന്ത്യൻ ഓയിൽ എണ്ണ ശുദ്ധീകരണ ശാലയിൽ നിന്ന് ഡീസൽ നിറച്ച ടാങ്കർ പിചുകുലിയിലേക്ക് പോകും വഴിയാണ് അപകടം. ബദപാൻദുസർ മേഖലയിലെ പാലത്തിൽ നിന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

കുസുമി നദിയിലേക്കാണ് ടാങ്കർ വീണത്. വീണയുടൻ ടാങ്കർ പൊട്ടി?ത്തെറിച്ച് തീപടർന്നു. ഡ്രൈവറും സഹായിയും തൽക്ഷണം വെന്തുമരിച്ചു. അപകടം കണ്ട് സഹായിക്കാൻ ഓടിയെത്തിയ പ്രദേശവാസികളായ മൂന്ന് യുവാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു. രണ്ടുപേർ ആശുപത്രിയിൽ വച്ചാണ് മരിച്ചതെന്ന് ഇറ്റാമതി പൊലീസ് സബ് ഇൻസ്‌പെക്ടർ രമേഷ് ദേബട പറഞ്ഞു.