- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണച്ചു; രാജസ്ഥാനിൽ എംഎൽഎ ശോഭാ റാണിയെ സസ്പെൻഡ് ചെയ്ത് ബിജെപി; വിശദീകരണം തേടി
ന്യൂഡൽഹി: രാജസ്ഥാനിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണച്ച എംഎൽഎയെ സസ്പെൻഡ് ചെയ്ത് ബിജെപി നേതൃത്വം. എംഎൽഎ ശോഭാ റാണിക്കെതിരെയാണ് ബിജെപിയുടെ ഡിസിപ്ലിനറി കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന പ്രമോദ് തിവാരിയെ പിന്തുണച്ച് വോട്ട് ചെയ്തതിനാണ് ബിജെപി എംഎൽഎക്കെതിരെ നടപടി.
സസ്പെൻഷൻ വിവരം പറഞ്ഞുകൊണ്ട് ബിജെപിയുടെ സെൻട്രൽ ഡിസിപ്ലിനറി കമ്മിറ്റി സെക്രട്ടറി ഓം പഥക് ശോഭാ റാണിക്ക് കത്തയച്ചിട്ടുണ്ട്. സംഭവത്തിൽ എംഎൽഎയോട് വിശദീകരണവും ചോദിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുള്ളതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ബിജെപിയുടെ രാജസ്ഥാൻ യൂണിറ്റിന്റെ അഭിപ്രായം കേട്ട ശേഷമായിരിക്കും അന്വേഷണത്തിലേക്ക് കടക്കുക.
അതേസമയം, സംഭവത്തിൽ വിശദീകരണം നൽകാൻ എംഎൽഎ ശോഭാ റാണി തയ്യാറാകാതിരുന്നാൽ അവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുമെന്നും കത്തിലുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസ് മൂന്ന് സീറ്റിൽ വിജയിച്ചിരുന്നു. രൺദീപ് സുർജെവാല, മുകുൾ വാസ്നിക്, പ്രമോദ് തിവാരി എന്നിവരാണ് കോൺഗ്രസിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചിരുന്നു. ഘനശ്യാം തിവാരിയാണ് വിജയിച്ചത്. ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി സുഭാഷ് ചന്ദ്ര പരാജയപ്പെട്ടിരുന്നു.
57 സീറ്റുകളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 11 സംസ്ഥാനങ്ങളിൽ നിന്നായി വിവിധ പാർട്ടികളിൽപെട്ട 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒഴിവുവന്ന 57 സീറ്റുകളിൽ മുൻ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം ഉൾപ്പെടെ 41 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കർണാടകയിൽ കോൺഗ്രസിന്റെ ജയറാം രമേശും ബിജെപിയുടെ നിർമല സീതാരാമനും വിജയിച്ചു.
ബാക്കി രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നീ നാല് സംസ്ഥാനങ്ങളിലെ 16 രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കർണാടകയിൽ ജെ.ഡി.എസ് എംഎൽഎ കോൺഗ്രസിന് വോട്ടുചെയ്തു. ജെ.ഡി.എസിന്റെ മറ്റൊരു എംഎൽഎയായ എസ്.ആർ ശ്രീനിവാസ് വോട്ട് അസാധുവാക്കി.




