മലപ്പുറം: സ്വർണ്ണകട്ടികൾ വാഗ്ദാനം ചെയ്ത് ചെമ്പ് നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘം മലപ്പുറം പൊന്നാനിയിൽ പിടിയിൽ. ഗൂഡല്ലൂർ സ്വദേശികളായ ഹമീദ്, അഷ്‌റഫ്, സൈതലവി എന്നിവരാണ് പിടിയിലായത്. പാലക്കാട് സ്വദേശിയിൽ നിന്നാണ് ഇവർ ഏഴുലക്ഷം രൂപ തട്ടിയത്.

മണ്ണ് കുഴിച്ച് ജോലിയെടുക്കുമ്പോൾ സ്വർണ്ണക്കട്ടി ലഭിച്ചു എന്നാണ് തട്ടിപ്പിന് ഇരയായ ആളെ സംഘം വിശ്വസിപ്പിച്ചത്. എന്നാൽ അയ്യായിരം രൂപ വിലവരുന്ന ചെമ്പായിരുന്നു ഇവർ കൈമാറിയത്. പിടിയിലായ ഹമീദ് ഇരുപതോളം കേസുകളിൽ പ്രതിയാണെന്ന് പൊന്നാനി പൊലീസ് അറിയിച്ചു. കൂടുതൽ പേരെ ഇവർ തട്ടിപ്പിന് ഇരയാക്കിയെന്നാണ് സൂചന.