ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ബൈക്ക് പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണം. പേപ്പർ കട്ടറുകൊണ്ട് പ്രതികൾ ഇവരെ ആക്രമിച്ചു. ഒരു സംഘം ആളുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ മുഖത്ത് 118 തുന്നലുകൾ. യുവതി ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഭോപ്പാലിലെ ടിടി നഗർ ഏരിയയിലാണ് ആക്രമണമുണ്ടായത്.

വെള്ളിയാഴ്ച ഭർത്താവിനൊപ്പം ടിടി നഗറിലെ റോഷൻപുരയിലുള്ള ശ്രീ പാലസ് ഹോട്ടലിലേക്ക് പോയ യുവതിയെയാണ് ആക്രമിച്ചത്. ഇവരും പ്രതികളും തമ്മിൽ ബൈക്ക് പാർക്കിങ്ങിനെ ചൊല്ലി തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ഭർത്താവ് ഹോട്ടലിനുള്ളിൽ ഇരിക്കുമ്പോൾ അവർ അസഭ്യം പറയുകയും വിസിൽ വിളിക്കുകയും ചെയ്തു. യുവതി പ്രതികളോട് കയർത്തു. ഇത് കൂടാതെ മൂന്ന് പുരുഷന്മാരുടെ സംഘത്തിലെ ഒരാളെ തല്ലുകയും ചെയ്തുവെന്നും പൊലീസുകാരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഈ സംഭവത്തിന് ശേഷം സ്ത്രീ ഭർത്താവിനൊപ്പം ഹോട്ടലിൽ പോയി. ദമ്പതികൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നേരത്തെ ഉണ്ടായ സംഭവത്തിൽ പ്രകോപിതരായ പ്രതികൾ പേപ്പർ കട്ടർ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഭർത്താവ് ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായ പരിക്കുകളെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി.

പ്രതികളായ ബാദ്ഷാ ബേഗ്, അജയ് എന്ന ബിട്ടി സിബ്ഡെ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്നാം പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്ന് രാവിലെ ദമ്പതികളെ സന്ദർശിക്കുകയും അവരുടെ ചികിത്സയ്ക്ക് പൂർണ്ണമായ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്ത്രീയുടെ ധൈര്യത്തെ പ്രശംസിച്ച ചൗഹാൻ അവർക്ക് ഒരു ലക്ഷം രൂപ സമ്മാനിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.