കൊൽക്കത്ത: എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയുടെ രണ്ടാം ജയത്തിന് പിന്നാലെ മൈതാനത്ത് തമ്മിലടിച്ച് താരങ്ങൾ. മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 2- 1നു ഇന്ത്യ കീഴടക്കിയിരുന്നു. ഗ്രൂപ്പ് ഡിയിൽ നടന്ന കളിയിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി, മലയാളി താരം സഹൽ അബ്ദുൽ സമദ് എന്നിവരുടെ ഗോളിൽ മത്സരം ഇന്ത്യ വിജയിക്കുകയായിരുന്നു.

മത്സരം പൂർത്തിയാക്കിയതിന് പിന്നാലെ ഇരു ടീമിലെയും താരങ്ങൾ തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ അഫ്ഗാനിസ്ഥാൻ ടീമിലെ 3 താരങ്ങളും ഇന്ത്യൻ ടീമിലെ 2 താരങ്ങളും മത്സരശേഷം ഉന്തിലും തള്ളിലും ഏർപ്പെടുന്നതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. പിന്നാലെ ഇന്ത്യൻ ഗോളി ഗുർപ്രീത് സിങ് സന്ധു അവിടേക്ക് ഇരച്ചെത്തുന്നതോടെ തർക്കം കൂടുതൽ വഷളാകുന്നുണ്ട്.

എന്നാൽ സന്ധുവിനെ അഫ്ഗാൻ താരങ്ങൾ കൂട്ടത്തോടെ വളഞ്ഞ് പിടിച്ചു തള്ളുന്നതും ഇതിനിടെ അഫ്ഗാനിസ്ഥാൻ ടീം സപ്പോർട്ട് സ്റ്റാഫിൽ ഒരാൾ സന്ധുവിന്റെ മുഖത്തടിക്കുന്നതും വിഡിയോയിൽ കാണാം. ഇതിനു പിന്നാലെ എഎഫ്‌സി അ്ധികൃതർ മൈതാനത്തേക്ക് ഇരച്ചെത്തുന്നുണ്ടെങ്കിലും തർക്കം കൂടുതൽ കടുക്കുകയാണു ചെയ്യുന്നത്. ഒടുവിൽ കൂടുതൽ അധികൃതരെത്തി രംഗം ശാന്തമാക്കുന്നതിനു മുൻപായി താരങ്ങൾ പരസ്പരം ഷർട്ടിൽ പിടിച്ചു വലിക്കുന്നും തല്ലുന്നുമുണ്ട്. തർക്കത്തിന്റെ കാരണം വ്യക്തമായിട്ടുമില്ല.

90ാം മിനിറ്റിൽ ഛേത്രിക്കു പകരം ഇറങ്ങി ഇൻജറി ടൈമിൽ സഹൽ നേടിയ ഗോളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശ ജയം (21) സമ്മാനിച്ചത്. 86ാം മിനിറ്റിൽ ഛേത്രിയാണ് മനോഹരമായ ഫ്രീകിക്കിലൂടെ ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. ഫ്രീകിക്കിനും സഹലിന്റെ ഗോളിനും വഴിയൊരുക്കി മലയാളി താരം ആഷിഖ് കുരുണിയനും കളിയിൽ മിന്നിത്തിളങ്ങി.

88ാം മിനിറ്റിൽ അഫ്ഗാനിസ്ഥാൻ നേടിയ അപ്രതീക്ഷിത സമനില ഗോളിനു മുന്നിൽ ഇന്ത്യ ഞെട്ടി നിൽക്കവേയാണ് മൈതാനത്തിറങ്ങി നിമിഷങ്ങൾക്കകം സഹൽ ലക്ഷ്യം കണ്ടത്. ബോക്‌സിനുള്ളിൽ അസാമാന്യമായ പന്തടക്കത്തോടെ അഫ്ഗാൻ താരങ്ങളെ കബളിപ്പിച്ച് ആഷിഖ് നൽകിയ പന്ത് സഹൽ വലയിലെത്തിച്ചു. ഡി ഗ്രൂപ്പിൽ 6 പോയിന്റുള്ള ഇന്ത്യയ്‌ക്കൊപ്പം ഹോങ്കോങുമുണ്ട്. ഹോങ്കോങ് ഇന്നലെ കംബോഡിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ചിരുന്നു. ഇതോടെ 14നു നടക്കുന്ന ഇന്ത്യ - ഹോങ്കോങ് മത്സരം നിർണായകമായി.