- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മു കശ്മീരിൽ ആറ് മാസത്തിനിടെ വധിച്ചത് നൂറോളം ഭീകരരെ; 30 പേർ പാക്കിസ്ഥാനിൽ നിന്നുള്ളവർ; 158 ഓളം ഭീകരർ ഇപ്പോഴും സജീവമെന്ന് സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിൽ ഈ വർഷം ആദ്യ പകുതിയിൽ കൊല്ലപ്പെട്ടത് നൂറോളം ഭീകരർ എന്ന് റിപ്പോർട്ട്. അതിൽ 30 പേർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണ്. വിവിധ ഭീകര സംഘടനകളിൽ നിന്നുള്ള 158 ഓളം ഭീകരർ ഇപ്പോഴും കശ്മീർ താഴ്‌വരയിൽ ഉണ്ടെന്നാണ് വിവരം.
കശ്മീരിലെത്തുന്നവരിൽ ഏറ്റവും കൂടുതൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരാണെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ 83 ലഷ്‌കർ ഭീകരർ താഴ്‌വരയിൽ ഉണ്ട്. ഇതുകൂടാതെ 30 ജെയ്‌ഷെ ഭീകരരും 38 ഹിസ്ബുൾ മുജാഹിദീൻ ഭീകരരും പ്രവർത്തനം തുടരുന്നു.
നിലവിൽ താഴ്‌വരയിലുടനീളം ഭീകരരുമായി തുടർച്ചയായി ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ടെന്ന് സുരക്ഷാ സേനാ വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലെ തീവ്രവാദത്തെ തുടച്ചുനീക്കുന്നതിനുള്ള പ്രവർത്തനം ശക്തമാക്കിയിട്ടുണ്ടെങ്കിലും തീവ്രവാദ സംഘടനകൾ ഇപ്പോഴും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് തുടരുകയാണ്. സ്വദേശികളായ യുവാക്കളെ തീവ്രവാദികളാക്കി റിക്രൂട്ട് ചെയ്യുന്നതും വ്യാപകമാണ്്.
ഞായറാഴ്ച ജമ്മു കശ്മീരിലെ പുൽവാമയിൽ മൂന്ന് ലഷ്‌കർ ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഇതോടെയാണ് ഈ വർഷം ആറുമാസത്തിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി വധിച്ച ഭീകരരുടെ എണ്ണം നൂറിലെത്തിയത്. ഇതിനിടെ ഒരു ഡസനിലധികം ഭീകര ക്യാമ്പുകൾ പാക്കിസ്ഥാൻ സൈന്യം വീണ്ടും സജീവമാക്കിയതായി രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചിട്ടുണ്ട്.
ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം ഉറിക്കും കശ്മീരിനും സമീപമുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ പ്രവർത്തനം വർധിച്ചിട്ടുണ്ടെന്നാണ് വിവരം. ലഷ്‌കർ, ജെയ്‌ഷെ, അഫ്ഗാൻ ഭീകരർക്ക് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ പരിശീലനം നൽകിയിട്ടുണ്ട്. താഴ്‌വരയിലൂടെയുള്ള അമർനാഥ് യാത്ര തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അതിർത്തിയിൽ നുഴഞ്ഞുകയറാൻ തീവ്രവാദികൾ ശ്രമിക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.




