കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തും. ഇത് സംബന്ധിച്ച നിർദ്ദേശം ആഭ്യന്തര മന്ത്രാലയം നൽകിയതായി അറബ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം കുവൈറ്റിലെ ഫഹാഹീലിൽ ചില പ്രവാസികൾ ഒത്തുചേർന്ന് പ്രകടനം നടത്തിയിരുന്നു.

കുവൈറ്റിലെ നിയമപ്രകാരം പ്രവാസികൾക്ക് രാജ്യത്ത് പ്രകടനങ്ങളോ ധർണകളോ നടത്താൻ അനുമതിയില്ലെന്ന് അധികൃതർ ഓർമിപ്പിച്ചു. പ്രകടനത്തിൽ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികൾ അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പിടിയിലാവുന്നവരെ പിന്നീട് കുവൈറ്റിലേക്ക് പ്രവേശിക്കാനാവാത്ത വിധം നാടുകടത്തുമെന്നാണ് അൽ റായ് ദിനപ്പത്രത്തിലെ റിപ്പോർട്ട്. പ്രവാസികൾ കുവൈത്തിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും പ്രകടനങ്ങളിൽ പങ്കെടുക്കരുതെന്നും അധികൃതർ ഓർമിപ്പിച്ചു. പ്രവാചക നിന്ദക്കെതിരെ കുവൈറ്റ് ശക്തമായ പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തിരുന്നു.