- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രൈനിൽ പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ പഠനം തുടരാം; സ്‌കോളർഷിപ്പോടെ പഠിച്ചിരുന്നവർക്ക് അതേ ധനസഹായത്തോടെ പഠിക്കാനും അവസരം
തിരുവനന്തപുരം: യുക്രെയ്‌നിൽ യുദ്ധം തുടങ്ങിയതോടെ ഇന്ത്യയിലേക്ക് മടങ്ങിപോന്ന വിദ്യാർത്ഥികൾക്കു റഷ്യയിലെ സർവകലാശാലകളിൽ പഠനം തുടരാൻ അവസരം. സ്‌കോളർഷിപ്പോടെ യുക്രെയ്‌നിൽ പഠിച്ചിരുന്നവർക്ക് അതേ ധനസഹായത്തോടെ തുടർപഠനം നടത്താനും അവസരമൊരുക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി റോമൻ ബാബുഷ്‌കിൻ പറഞ്ഞു. മുൻ അധ്യയന വർഷങ്ങൾ നഷ്ടപ്പെടാതെ പ്രത്യേക പ്രവേശനം അനുവദിക്കാനാണു തീരുമാനം.
മലയാളികൾ ഉൾപ്പെടെ 20,000 ലേറെ ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രെയ്‌നിൽ നിന്നു മടങ്ങിയത്. പഠനം മുടങ്ങിയ വിദ്യാർത്ഥികൾ രാജ്യത്തെ റഷ്യൻ ഹൗസുകളുമായി ബന്ധപ്പെടാനാണു നിർദ്ദേശം. ഇതു സംബന്ധിച്ച് നോർക്ക സിഇഒ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുമായി കേരളത്തിലെ റഷ്യയുടെ ഓണററി കോൺസൽ രതീഷ് സി.നായർ ചർച്ച നടത്തി. ഡൽഹിയിലെ റഷ്യൻ എംബസിയിലെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായ റോമൻ ബാബുഷ്‌കിൻ റഷ്യൻ ദേശീയദിനാഘോഷത്തിനാണു കേരളത്തിലെത്തിയത്.
റഷ്യൻ സർവകലാശാലകളിൽ തുടർപഠനത്തിന് ആഗ്രഹിക്കുന്ന, യുക്രെയ്‌നിൽ നിന്നു മടങ്ങിയെത്തിയ കേരളത്തിലെ വിദ്യാർത്ഥികൾ അവരുടെ മാർക്ക് ഷീറ്റുകളും മറ്റ് അക്കാദമിക രേഖകളും സഹിതം തിരുവനന്തപുരത്തെ റഷ്യൻ ഹൗസുമായി ബന്ധപ്പെടണമെന്ന് റഷ്യൻ ഫെഡറേഷന്റെ ഓണററി കോൺസലും തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി. നായർ പറഞ്ഞു. തിരുവനന്തപുരത്തു ബേക്കറി ജംക്ഷനു സമീപം വാന്റോസ് ജംക്ഷനിലുള്ള റഷ്യൻ കോൺസുലേറ്റ് ഓഫിസാണു റഷ്യൻ ഹൗസ്. ഫോൺ: 0471 2338399.