ന്റെ വിവാഹജീവിതത്തെക്കുറിച്ചും അത് പിരിയാനുണ്ടായ കാരണങ്ങളെ കുറിച്ചും ആദ്യമായി തുറന്നുപറഞ്ഞ് നടിയും ഗായികയുമായ മനീഷ. മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ പണം തരും പടത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. വളരെ ചുരുക്കം വർഷം കൊണ്ട് കല്യാണത്തിലേക്ക് എത്തി വളരെ പെട്ടെന്നു തന്നെ അവസാനിപ്പിച്ച ഒരു ബന്ധമായിരുന്നു അത്. ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതു കൊണ്ട് വേർപിരിഞ്ഞു. എന്നാൽ മക്കളുടെ അച്ഛനും അമ്മയുമായി ഞങ്ങൾ വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.

മക്കളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ഭർത്താവ് എവിടെ എന്നോ ചോദ്യം പലപ്പോഴും നേരിടാറുണ്ട്. അതിനോട് പ്രതികരിക്കാറില്ലായിരുന്നു. എന്നാൽ താൻ വിവാഹമോചിതയാണെന്ന് വെളിപ്പെടുത്തിയ മനീഷ ഇക്കാര്യം ആദ്യമായാണ് പൊതുവേദിയിൽ പറയുന്നതെന്നും വ്യക്തമാക്കി.

മനീഷയുടെ വാക്കുകൾ ഇങ്ങനെ:

''ഞങ്ങൾ വളരെ ചുരുക്കം വർഷം കൊണ്ട് കല്യാണത്തിലേക്ക് എത്തി വളരെ പെട്ടെന്നു അത് അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യരാണ്. ഒരു വർഷമേ ഞങ്ങൾ പ്രണയിച്ചിട്ടുള്ളൂ. തിരുവനന്തപുരത്താണ് അദ്ദേഹത്തിന്റെ വീട്. സംഗീതജ്ഞനാണ്. ഒവിആർ സാറിന്റെ ഒരു പാട്ടിന്റെ റെക്കോർഡിങ്ങിന് പോയപ്പോൾ പാട്ടു പഠിപ്പിച്ചു തരാൻ അദ്ദേഹമാണ് അവിടെ ഉണ്ടായിരുന്നത്. അന്നാണ് ഞങ്ങൾ പരിചയപ്പെടുന്നത്. 'ദൈവസ്‌നേഹം വർണച്ചീടാൻ' എന്ന പാട്ടു പാടി ഞാൻ വളരെയധികം ശ്രദ്ധേയായി നിൽക്കുന്ന സമയമായിരുന്നു അത്. ഞങ്ങളുടെ പരിചയം സൗഹൃദമായി. അതു പിന്നീട് പ്രണയമായി. പക്ഷേ ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതു കൊണ്ട് വേർപിരിഞ്ഞു. എന്നാൽ മക്കളുടെ അച്ഛനും അമ്മയുമായി ഞങ്ങൾ വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.

അദ്ദേഹം ക്രിസ്ത്യനും ഞാൻ ഹിന്ദുവുമായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും എതിർപ്പായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അദ്ദേഹത്തിനൊപ്പം ഇറങ്ങി പോയി. വിവാഹം ഞങ്ങളുടെ ജാതിയിൽ നിന്നു തന്നെ വേണമെന്നൊന്നും നിർബന്ധമുണ്ടായിരുന്ന ആളല്ല അച്ഛൻ. 'നിന്നെ വിവാഹം ചെയ്യാൻ പോകുന്ന ആൾക്ക് നിന്നെ നോക്കാനുള്ള പാങ്ങ് ഉണ്ടോ എന്ന് അറിയണം. അത് ഒരു അച്ഛന്റെ ബാധ്യതയാണ്. കടമായാണ്. അതു മാത്രമേ ഞാൻ നോക്കുന്നുള്ളൂ' എന്നായിരുന്നു അച്ഛൻ പറഞ്ഞത്. പക്ഷേ അവസാനം ആയപ്പോൾ അച്ഛന് വിഷമമായി. പെണ്ണ് ചോദിച്ച് അവർ വീട്ടിലേക്ക് വന്നിരുന്നു. പള്ളിയിൽവച്ച് വിവാഹം നടത്തണമെന്ന് അവർക്ക് നിർബന്ധം ഉണ്ടായിരുന്നു. അതിനോട് അച്ഛന് യോജിപ്പ് ഇല്ലായിരുന്നു. പള്ളിയിൽ വച്ചും വേണ്ട അമ്പലത്തിൽവച്ചും വേണ്ട. നമുക്ക് രണ്ടു കൂട്ടരെയും വിളിച്ച് ഒരു ഓഡിറ്റോറിയത്തിൽ നടത്താം എന്നായിരുന്നു അച്ഛന്റെ നിലപാട്. പക്ഷേ പള്ളിയിൽ വച്ചു വേണമെന്ന് അവർക്ക് നിർബന്ധിച്ചു. അങ്ങനെയാണ് തർക്കം ഉണ്ടാവുന്നത്.

പിന്നീട് ഞങ്ങൾ പള്ളിയിൽ വെച്ച് വിവാഹിതരായി. അച്ഛനും അമ്മയും അന്ന് പള്ളിയിൽ വന്ന് 25 പവൻ സ്വർണം സമ്മാനമായി തന്നു. അതിപ്പോഴും എന്റെ മനസ്സിലൊരു വേദനയാണ്. കാരണം ഞാൻ അവരെ വേദനിപ്പിച്ച് ഇറങ്ങി വന്നിട്ടു പോലും അവരെന്നെ വിട്ടു കളയാതെ ചേർത്തു നിർത്തി. മകളുണ്ടായി രണ്ടു മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും മാനസികമായി പൊരുത്തക്കേടുകൾ ഒരുപാട് ഉണ്ടായി. ഡിവോഴ്‌സ് കിട്ടിയിട്ട് ഇപ്പോൾ ഒരു എട്ടു, പത്തു വർഷമായി'' മനീഷ പറഞ്ഞു.

മഴവിൽ മനോരയിലെ തട്ടീം മുട്ടീ എന്ന ജനപ്രിയ പരമ്പരയിൽ വാസവദത്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മനീഷ പ്രശസ്തയായത്. 'പൂക്കാലം വരവായി' എന്ന സീരിയലിലെ വില്ലത്തി വേഷവും അഭിനന്ദനം നേടികൊടുത്തു. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ടു മക്കളാണ് താരത്തിനുള്ളത്. മകൾ നീരദ ഷീൻ 'ചാക്കോയും മേരിയും' സീരിയലിൽ സാന്ദ്ര ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.