- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകളുടെ എണ്ണം ഏഴിൽ നിന്നും രണ്ടായി വെട്ടിക്കുറച്ചു; കോഴിക്കോട് നഗരത്തിൽ മാത്രം കുടുങ്ങിക്കിടക്കുന്നത് 800 ലക്ഷദ്വീപ് നിവാസികൾ; ദിവസങ്ങൾ നീണ്ട ലോഡ്ജ് വാസത്തിലൂടെ സാമ്പത്തികമായി തകർന്ന് നിരവധി പേർ
ബേപ്പൂർ: ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചതോടെ കോഴിക്കോടും കൊച്ചിയിലുമായി കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് ദ്വീപ് നിവാസികൾ. വിവിധ ആവശ്യങ്ങൾക്കായി കേരളത്തിലെത്തിയവരാണ് ദ്വീപിലേക്ക് മടങ്ങാനാവാതെ ദുരിതം തിന്നുന്നത്. കപ്പലിൽ ടിക്കറ്റ് ലഭിക്കാത്തതിനാൽ പലരും ലോഡ്ജുകളിൽ തങ്ങുകയാണ്. ആശുപത്രി കേസുകൾക്കും വിദ്യാഭ്യാസത്തിനും ഒക്കെയായി കേരളത്തിലെത്തിയവർ ഇതോടെ സാമ്പത്തികമായി തകർന്ന അവസ്ഥയിലാണ്. കോഴിക്കോട് നഗരത്തിൽ മാത്രം കുടുങ്ങിക്കിടക്കുന്നത് 800 ലക്ഷദ്വീപ് നിവാസികളാണ്.
ചികിത്സ, പഠനം, വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കു മലബാറിൽ എത്തിയവരാണ് കഴിഞ്ഞ ഒരു മാസമായി നാട്ടിലേക്കു പോകാനാകാതെ വലയുന്നത്. യാത്രാ മാർഗം ഇല്ലാത്തതിനാൽ ഒട്ടേറെ പേർ ബേപ്പൂരിലെയും നഗരത്തിലെയും ലോഡ്ജുകളിൽ കഴിയുന്നുണ്ട്. വിവിധ ആശുപത്രികളിൽ നിന്നു ചികിത്സ കഴിഞ്ഞു മടങ്ങേണ്ടവരാണ് ഇവരിൽ ഏറെയും. ദിവസങ്ങളോളം ലോഡ്ജുകളിൽ തങ്ങുന്നവർ സാമ്പത്തികമായും വളരെ ഏറെ ബുദ്ധിമുട്ടിലാണ്. എങ്ങനെ എങ്കിലും നാട്ടിലെത്താൻ എല്ലാവരും ശ്രമിക്കുന്നുണ്ടെങ്കിലും കപ്പലുകൾ ഇല്ലാത്തതും ഉള്ള കപ്പലുകളിലെ സീറ്റിങ് കപ്പാസിറ്റി കുറവായതും തിരിച്ചടിയാവുകയാണ്.
മൺസൂണിനോട് അനുബന്ധിച്ചു ബേപ്പൂരിൽ നിന്നുള്ള യാത്രാക്കപ്പൽ സർവീസ് നിർത്തിവച്ചിരിക്കുകയാണെങ്കിലും കൊച്ചിയിൽ നിന്നുള്ള സർവീസിന് ഇവിടെ ടിക്കറ്റ് വിതരണമുണ്ട്. 14ന് ആന്ത്രോത്ത് ദ്വീപിലേക്കു പോകുന്ന അറേബ്യൻ സീ കപ്പൽ ടിക്കറ്റിനു ലക്ഷദ്വീപ് പോർട്ട് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ് കൗണ്ടറിൽ ഞായറാഴ്ച എത്തിയ 164 പേരിൽ 20 പേർക്കു മാത്രമാണു ടിക്കറ്റ് ലഭിച്ചത്. ബേപ്പൂർ തുറമുഖത്തു നിന്നു നേരത്തേ ഉണ്ടായിരുന്ന എംവി മിനിക്കോയ്, എംവി അമിൻ ദിവി കപ്പലുകൾ കാലാവധി കഴിഞ്ഞതിനാൽ നിർത്തലാക്കി. കൊച്ചിയിൽ നിന്നും ബേപ്പൂരിൽ നിന്നുമായി ഏഴ് കപ്പലുകളാണ് ലക്ഷദ്വീപിലേക്കു സർവീസ് നടത്തിയിരുന്നത്. ഇതു രണ്ടാക്കി വെട്ടിക്കുറച്ചതാണു യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയത്. എംവി കോറൽസ്, എംവി അറേബ്യൻ സീ എന്നീ കപ്പലുകൾ മാത്രമാണു നിലവിൽ സർവീസ് നടത്തുന്നത്.
ഇതോടെ മലബാറിലെ ദ്വീപ് യാത്രക്കാർക്ക് കൊച്ചി വഴി മാത്രമേ യാത്ര ചെയ്യാനാവൂ. കൊച്ചിയിലും ഒട്ടേറെ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നുണ്ട്. തിരക്കു കാരണം പലർക്കും ദിവസങ്ങളായി ടിക്കറ്റ് ലഭിക്കുന്നില്ല. എംവി കോറൽസ് കപ്പലിനു മൊത്തം യാത്രക്കാരുടെ 20% ടിക്കറ്റും എംവി അറേബ്യൻ സീ കപ്പലിനു 10 ശതമാനവുമാണ് ബേപ്പൂരിൽ നിന്നു ടിക്കറ്റ് അനുവദിക്കുന്നത്. ഇപ്പോൾ സർവീസ് നടത്തുന്ന രണ്ട് കപ്പലുകളിലുമായി 650 സീറ്റുകളാണ് ആകെയുള്ളത്. കൊച്ചിയിലും കോഴിക്കോട്ടുമായി ദ്വീപിലേക്കു പോകാനുള്ള യാത്രക്കാരുടെ എണ്ണം ഇതിന്റെ നാലിരട്ടി വരും.
മറ്റു ദ്വീപുകളിലെക്കുള്ളവരുടെയും യാത്ര അനിശ്ചിതത്വത്തിലാണ്. ബേപ്പൂരിൽ നിന്നുള്ള കപ്പലുകൾ നിർത്തലാക്കിയ ശേഷം ഹൈസ്പീഡ് വെസലുകളായിരുന്നു യാത്രയ്ക്ക് ആശ്രയം. മൺസൂൺ നിയന്ത്രണങ്ങളുടെ ഭാഗമായി ബേപ്പൂരിൽ നിന്നുള്ള കപ്പൽ സർവീസ് സെപ്റ്റംബർ 15 വരെ നിർത്തിവച്ചിരിക്കുകയാണ്. അമിൻ ദിവി, മിനിക്കോയ് കപ്പലുകൾ നിർത്തിയതിനു പുറമേ 700 സീറ്റുള്ള എംവി കവരത്തി കപ്പൽ തീപിടിത്തം ഉണ്ടായതോടെ അറ്റകുറ്റപ്പണിക്കു കയറ്റി. വാർഷിക അറ്റകുറ്റപ്പണിപ്പകളുടെ ഭാഗമായി എംവി ലഗൂൺസ്, എംവി ലക്ഷദ്വീപ് സീ എന്നീ കപ്പലുകളും സർവീസ് നടത്തുന്നില്ല.
യാത്രാക്ലേശം രൂക്ഷമായിട്ടും കൂടുതൽ കപ്പൽ സർവീസ് ആരംഭിക്കാൻ ദ്വീപ് ഭരണകൂടം തയാറാകാത്തതിൽ പരക്കെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നൂറുകണക്കിന് ആളുകൾ ദ്വീപിൽ നിന്നും കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത് അറിയാമായിരുന്നിട്ടും ഇത്രയധികം കപ്പലുകൾ വെട്ടിക്കുറച്ചതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ദ്വീപും തുറമുഖവുമായുള്ള ബന്ധം പോലും വിച്ഛേദിക്കപ്പെട്ട രീതിയിലാണ് ഇപ്പോൾ സർവീസ് നടക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ