തിരുവനന്തപുരം: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ വെൽഫെയർ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗം ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പൂർണമായി തകർക്കുകയും ചെയ്തതിലൂടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിം വംശഹത്യയ്ക്ക് വേണ്ടിയുള്ള കലാപത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ പിതാവായ ജാവേദ് മുഹമ്മദ് രാജ്യത്ത് ഹിന്ദുത്വ പ്രതിനിധികളായ നുപുർ ശർമയും നവീൻ ജിൻഡാലും നടത്തിയ പ്രവാചക വിദ്വേഷത്തിനെതിരെ ശക്തമായ ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം നൽകിയ നേതാവാണ്.

പ്രവാചകനിന്ദയിലൂടെ അന്താരാഷ്ട്ര സമൂഹത്തിനിടയിൽ ഇന്ത്യയെ അപമാനിച്ച മോദിസർക്കാർ കൂടുതൽ മുസ്ലിം വിരുദ്ധതയിലേക്ക് നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ കൊന്നു തള്ളുകയും അറസ്റ്റുചെയ്യുകയും ചെയ്യുന്നത്. മുസ്ലിം സമൂഹത്തെ നശിപ്പിക്കുന്നതിനുള്ള ആർഎസ്എസിന്റെ നിഗൂഢ പദ്ധതിക്ക് കളമൊരുക്കുന്നതിനാണ് യുപിയിൽ യോഗി പൊലീസ് ശ്രമിക്കുന്നത്. രാജ്യത്ത് സമാനതകളില്ലാത്ത വിധം മുസ്ലിം സമൂഹത്തിനെതിരെ മനുഷ്യവകാശ ലംഘനം നടക്കുമ്പോഴും ഭരണകൂടത്തിനെതിരെ നിശബ്ദരായിരിക്കുന്ന ഇതര രാഷ്ട്രീയ പാർട്ടികളുടെ സമീപനം ഞെട്ടിപ്പിക്കുന്നതാണ്.

രാജ്യത്ത് വംശീയ ധ്രുവീകണത്തിന് എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുന്ന ഭരണകൂടം അതിനെതിരെ ഉയരുന്ന ജനാധിപത്യ പോരാട്ടങ്ങളെ ഭീതിയോടെ കൂടിയാണ് സമീപിക്കുന്നത്. പൗരത്വ പ്രക്ഷോഭത്തിലും കർഷക പോരാട്ടത്തിലും മുട്ടുമടക്കേണ്ടി വന്ന കേന്ദ്ര ഭരണകൂടം പ്രവാചക നിന്ദക്കെതിരെ ശബ്ദമുയർത്തുന്നവരെ കൊന്നു തള്ളുക എന്ന ക്രൂരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രവാചക നിന്ദക്കെതിരെ പോരാടിയ രണ്ടുപേരെ കഴിഞ്ഞദിവസം പൊലീസിനെ ഉപയോഗിച്ച് കൊലപ്പെടുത്തുകയും യുപിയിൽ മാത്രം മുന്നൂറിൽപ്പരം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് തികച്ചും പ്രതിഷേധാർഹമാണ്. ഭരണഘടനാവിരുദ്ധവും ഏകാധിപത്യവും മുൻനിർത്തി ജനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭരണകൂട ഫാസിസ്റ്റുകൾക്കെതിരെ ശക്തമായ ജനാധിപത്യ പോരാട്ടങ്ങൾ ഉയർന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.