- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാചക നിന്ദ ആരോപിക്കപ്പെട്ട സിനിമ റിലീസിൽ പ്രതിഷേധം; ഇസ്ലാമോഫോബിയക്കെതിരായ അഡ്വവൈസറെ പുറത്താക്കി യുകെ സർക്കാർ; നടപടി, വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചതിന്; കുവൈറ്റിന് പിന്നാലെ നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടിയുമായി ബ്രിട്ടണും
ലണ്ടൻ: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾക്കിടെ കർശന നടപടിയുമായി യു. കെ ഭരണകൂടം. സിനിമയ്ക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച ഇസ്ലാമോഫോബിയക്കെതിരായ അഡ്വവൈസറെ സ്ഥാനത്ത് നിന്ന് പുറത്താക്കി. വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചതും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ സംസാരിച്ചതുമാണ് നടപടിക്ക് കാരണം.
പ്രവാചകനെതിരായ പരാമർശത്തിന്റെ പേരിൽ കുവൈത്തിൽ നിയമം ലഘിച്ച് പ്രതിഷേധിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കുവൈത്ത് ഭരണകൂടം തീരുമാനിച്ചിരുന്നു. പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവാചക നിന്ദയുടെ പേരിൽ ഉയർന്ന പ്രതിഷേധങ്ങളെ പിന്തുണച്ച ഇസ്ലാമോഫോബിയക്കെതിരായ അഡ്വവൈസറെ യു. കെ ഭരണകൂടവും പുറത്താക്കിയത്.
ഇംഗ്ലണ്ട് നഗരമായ ലീഡ്സിലെ മസ്ജിദിലെ ഇമാം കൂടിയായ ഖാരി അസീമിനെയാണ് പുറത്താക്കിയത്. മതസൗഹാർദത്തിനായി സർക്കാർ നിയോഗിച്ച സ്വതന്ത്ര ഉപദേശകനായിരുന്നു ഇദ്ദേഹം. മതനിന്ദ ആരോപിക്കപ്പെട്ട 'ലേഡി ഓഫ് ഹെവൻ' എന്ന സിനിമ യുകെയിൽ വിവാദം സൃഷ്ടിച്ചിരുന്നു. ജൂൺ മൂന്നിന് റിലീസ് ചെയ്ത സിനിമയ്ക്കെതിരെ യുകെയിലെ തിയറ്ററുകൾക്ക് മുന്നിൽ പ്രതിഷേധം ഉയർന്നതോടെ പല തിയറ്ററുകളും ചിത്രത്തിന്റെ പ്രദർശനം നിർത്തി. എന്നാൽ സിനിമയ്ക്കെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഖാരി അസിം പോസ്റ്റ് ഇടുകയായിരുന്നു.
'ഈ സിനിമ അധിക്ഷേപകരമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. വർഗീയവും വംശീയവുമായാണ് ചിത്രത്തിന്റെ കഥ. അഭിപ്രായ സ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണ്. നിയമത്തിനുള്ളിൽ നിന്ന് എല്ലാവർക്കും ഇത് പരിശീലിക്കാൻ പറ്റണം. പക്ഷെ ഈ സിനിമ വിദ്വേഷവും വർഗീയതും ഭീകരതയും വളർത്തുന്നു. ആർക്കും ഈ രാജ്യത്ത് കാണാൻ താൽപര്യമില്ലാത്ത ഇവ നമ്മൾ അവഗണിക്കണം,' ഖരിമീന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിനു പിന്നാലെ ഇദ്ദേഹത്തിനെതിരെ നടപടി വന്നു. വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചതും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ സംസാരിച്ചതുമാണ് നടപടിക്ക് കാരണമെന്ന് സർക്കാർ വ്യക്തമാക്കി.
ജൂൺ മൂന്നിനാണ് 'ലേഡി ഓഫ് ഹെവൻ' എന്ന ചിത്രം യുകെയിൽ റിലീസ് ചെയ്തത്. ഷിയ വിഭാഗത്തിൽ പെട്ടവരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയുടെ മകളെ പറ്റിയാണ് സിനിമ. സിനിമയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ മുഖം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. റിലീസ് ചെയ്ത തിയറ്ററുകൾക്ക് മുമ്പിൽ നൂറിലേറെ പേർ അള്ളാഹു അക്‌ബർ വിളിച്ച് പ്രതിഷേധിച്ചു.
സിനിമ യുകെയിലെ തിയ്യറ്ററുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 117,000 പേർ ഒപ്പു വെച്ച പരാതിയും ഉയർന്നു. പ്രതിഷേധത്തിന് പിന്നാലെ യുകെയിലെ പ്രമുഖ സിനിമാ വിതരണ ശൃംഖലയായ സിനിവേൾഡ് ചിത്രത്തിന്റെ പ്രദർശനം നിർത്തി. തിയറ്റർ ജീവനക്കാരുടെയും സിനിമ കാണാൻ വരുന്നവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് പ്രദർശനം ഒഴിവാക്കിയതെന്ന് കമ്പനി വ്യക്തമാക്കി.
സിനിവേൾഡിന്റെ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തിനേറ്റ മങ്ങലാണെന്ന വിമർശനമുയരുന്നുണ്ട്. അതേസമയം മറ്റ് ചില സിനിമാ തിയറ്റർ കമ്പനികൾ ഇപ്പോഴും സിനിമയുടെ പ്രദർശനം ഒഴിവാക്കിയിട്ടില്ല. എലി കിങ് ആണ് ചിത്രം സംവിധാനം ചെയ്തത്. എൻലൈറ്റ്മെന്റ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചത്. കുവൈത്തി ഷിയ പുരോഹിതനായ യാസർ അൽ ഹബീബ് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.
കഴിഞ്ഞ ദിവസം കുവൈത്തിൽ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീൽ പ്രദേശത്ത് ഒരു കൂട്ടം പ്രവാസികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ഇവരെ നാടുകടത്തും. കുവൈത്തിലുള്ള പ്രവാസികൾ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം ലംഘിച്ചതിനെതിരെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
നാടു കടത്തിൽ നടപടികളിലേക്ക് കടന്നിരിക്കുന്നതായി റിപ്പോർട്ടു ചെയ്തിരിക്കുന്നത് അറബ് ടൈംസ് പത്രമാണ്. കുവൈത്തിലെ നിയമപ്രകാരം പ്രവാസികൾക്ക് രാജ്യത്ത് പ്രകടനങ്ങളോ ധർണകളോ നടത്താൻ അനുമതിയില്ലെന്ന് അധികൃതർ ഓർമിപ്പിച്ചു. പ്രകടനത്തിൽ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികൾ അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പിടിയിലാവുന്നവരെ പിന്നീട് കുവൈത്തിലേക്ക് പ്രവേശിക്കാനാവാത്ത വിധം നാടുകടത്തുമെന്നാണ് അൽ റായ് ദിനപ്പത്രത്തിലെ റിപ്പോർട്ട്. പ്രവാസികൾ കുവൈത്തിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും പ്രകടനങ്ങളിൽ പങ്കെടുക്കരുതെന്നും അധികൃതർ ഓർമിപ്പിച്ചു. പ്രവാചക നിന്ദക്കെതിരെ കുവൈത്ത് ശക്തമായ പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തിരുന്നു.
നേരത്തെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കുവൈത്തിലെ പ്രാദേശിക സൂപ്പർമാർക്കറ്റ് ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ചത് അടക്കമുള്ള നടപടികൾ ഉണ്ടായിരുന്നു. കുവൈത്തിൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ ഉൽപന്നങ്ങൾ ഒഴിവാക്കിയത്.
ന്യൂസ് ഡെസ്ക്