മസ്‌കത്ത്: ഒമാനിൽ വൈദ്യുതി നിരക്ക് കുറച്ചു. ഗാർഹിക വിഭാഗത്തിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് നിരക്കിൽ 15 ശതമാനത്തിന്റെ ഇളവാണ് വരുത്തിയിരിക്കുന്നതെന്ന് വൈദ്യുതി വിതരണ സ്ഥാപനമായ മസ്‌കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി അറിയിച്ചു.

മെയ്‌ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള വേനൽകാല കാലയളവിലേക്കാണ് നിരക്ക് കുറച്ചിരിക്കുന്നത്. എല്ലാ സ്ലാബുകളിലുമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് അവരുടെ അടിസ്ഥാന അക്കൗണ്ടിൽ (രണ്ട് അക്കൗണ്ടുകളോ അതിൽ കുറവോ) 15 ശതമാനം നിരക്കിളവ് ലഭിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പിൽ പറയുന്നത്. അതേസമയം മെയ്‌ ഒന്നിന് മുമ്പുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്ക് ഇളവിന്റെ പ്രയോജനം ലഭിക്കുകയില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

എല്ലാ ഉപഭോക്താക്കളും വെബ്‌സൈറ്റിലെ വിവിധ മാർഗങ്ങളിലൂടെയോ അല്ലെങ്കിൽ 72727770 എന്ന നമ്പറിലെ വാട്‌സ്ആപിലൂടെയോ നൂർ ആപ്ലിക്കേഷനിലൂടെയോ തങ്ങളുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.