ന്യൂഡൽഹി: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിനെതിരെയും എംപി പർവേഷ് വർമയ്ക്കെതിരെയും സിപിഐ നേതാവ് ബൃന്ദ കരാട്ട് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രിയുൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.

വിദ്വേഷ പ്രസംഗ ആരോപണത്തിൽ കേസെടുക്കാൻ നേരത്തെ വിചാരണക്കോടതി വിസമ്മതിച്ചിരുന്നു. തുടർന്നാണ് വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ബൃന്ദ കാരാട്ടും സിപിഎം നേതാവ് കെഎം തിവാരിയും ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ബിജെപി നേതാക്കൾക്കെതിരായ ആരോപണത്തിൽ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി.

പൗരത്വനിയമത്തിനെതിരായി 2020ൽ നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് ബിജെപി നേതാക്കൾ വിദ്വേഷ പരാമർശം നടത്തിയെന്നാണ് സിപിഎമ്മിന്റെ പരാതി. എന്നാൽ വിചാരണക്കോടതിയുടെ ഉത്തരവ് നിലനിൽക്കുമെന്ന് ഡൽഹി ഹൈക്കോടതിയിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ചന്ദ്ര ധരി സിങ് അറിയിച്ചു.

അനുരാഗ് ഠാക്കൂറിന്റെ പ്രസംഗത്തിൽ എവിടെയാണ് വർഗീയ പരാമർശം കാണാനാകുന്നതെന്നും കോടതി ചോദിച്ചു. പ്രസംഗത്തിൽ ഒരു പ്രത്യേക സമുദായത്തെയോ സമൂഹത്തെയോ പേരെടുത്ത് ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.