കോഴിക്കോട്: യുവ പ്രസാധക ഷെഹനാസിന്റെ പരാതിയിൽ എഴുത്തുകാരൻ വി.ആർ. സുധീഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.

വ്യക്തിപരമായും തൊഴിൽപരമായും വി.ആർ. സുധീഷ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കോഴിക്കോട്ടെ പ്രസാധക കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകുകയും പ്രസാധകയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സുധീഷിനെിരെ ആദ്യം ഫേസ്‌ബുക്ക് വഴിയാണ് ഷെഹനാസ് ആരോപണവുമായി രംഗത്ത് എത്തിയത്.

ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അഭിമുഖത്തിനായി എഴുത്തുകാരനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ, തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതായും ഫോണിലൂടെയും മറ്റും ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്.