റിവർഡെയ്ൽ (ജോർജിയ) : ഭാര്യയെയും ഒരു വയസ്സുള്ള മകളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.

ജൂൺ 11 ശനിയാഴ്ച ഇവർ താമസിച്ചിരുന്ന വീട്ടിൽ വച്ചാണു ഭാര്യയെ ആദ്യം വെടിവച്ചു കൊലപ്പെടുത്തിയത്. പിന്നീട് അവിടെയുണ്ടായിരുന്ന ഭാര്യാ മാതാവിനേയും വെടിവച്ചു. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

ഈ സംഭവത്തിനുശേഷം ഒരു വയസുള്ള മകളെ തട്ടിയെടുത്ത് ഭർത്താവ്(ഡാരിയൻ ബെനറ്റ്, 38) അവിടെ നിന്നു രക്ഷപ്പെട്ടു. തുടർന്ന് പൊലിസ് ആംബർ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഇയാൾ പൊലീസിൽ വിളിച്ച. മകളെ വെടിവച്ചു കൊല്ലുവാൻ പോകുകയാണെന്ന് അറിയിച്ചു. റിവർഡെയ്ൽ റോഡിനു സമീപമുള്ള ഒരു പള്ളിക്കു സമീപം നിന്നായിരുന്നു ഡാരിയൻ പൊലീസിനെ വിളിച്ചത്. സംഭവ സ്ഥലത്തു പൊലീസ് എത്തിച്ചേരുന്നതിനു മുൻപ് ഒരു വയസ്സുള്ള കുട്ടിക്കു നേരെ നിറയൊഴിച്ചിരുന്നു. തുടർന്ന് തോക്ക് ഉപയോഗിച്ച് സ്വയം ആത്മഹത്യ ചെയ്യുകയും ചെയ്തു.

സംഭവം നടന്ന ശനിയാഴ്ച വീട്ടിൽ തട്ടിക്കൊണ്ടുപോയ കുട്ടിക്കു പുറമെ മറ്റു രണ്ടു കുട്ടികൾ കൂടി ഉണ്ടായിരുന്നു. എന്നാൽ അവർ സുരക്ഷിതരായിരുന്നു.

വെടിവയ്പിനു ഡാരിയനെ പ്രേരിപ്പിച്ചത് എന്താണെന്നു വ്യക്തമല്ല - ന്യൂട്ടൻ കൗണ്ടി പൊലീസ് അറിയിച്ചു. ആംബർ അലർട്ട് പ്രഖ്യാപിച്ചു കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമം വിഫലമായതായി പൊലീസ് പറഞ്ഞു . സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടന്നു വരികയാണ്.